ടെക്നോളജിയിലെയും വാഹനങ്ങളിലെയും ഫാഷനിലെയുമൊക്കെ പുതുമകളോട് മമ്മൂട്ടിക്കുള്ള ആഭിമുഖ്യം എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളതാണ്. അതുപോലെ തന്നെയാണ് പുതിയ ആശയവുമായെത്തുന്ന ഒരു സംവിധായകനെ മമ്മൂട്ടി കാണുന്നതും. എന്നാല്‍ അതിലൊരു റിസ്‍ക് ഉണ്ട്. പറയാന്‍ പോകുന്ന കഥയിലും ആശയത്തിലുമൊക്കെ ഗംഭീരമായിരിക്കുമ്പോള്‍ത്തന്നെ ചിലര്‍ അത് അതേമട്ടില്‍ സ്‍ക്രീനില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടേക്കാം. ആ റിസ്‍കിനെക്കുറിച്ച് അറിയുന്ന ആളും മമ്മൂട്ടി തന്നെയാണ്. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം 'രാജമാണിക്യ'ത്തിനും 'കഥ പറയുമ്പോളി'നുമൊക്കെ സമ്മതം മൂളിയത്. അതേസമയം നവാഗത സംവിധായകരുടെ തെരഞ്ഞെടുപ്പില്‍ തനിക്ക് 80 ശതമാനം സ്ട്രൈക്ക് റേറ്റ് ഉണ്ടെന്നാണ് മമ്മൂട്ടി സ്വയം വിലയിരുത്തുന്നത്. താന്‍ ഒപ്പം പ്രവര്‍ത്തിച്ച എഴുപതിലേറെ നവാഗത സംവിധായകരില്‍ എണ്‍പത് ശതമാനം പേരും മലയാളത്തിലും തമിഴിലുമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയില്‍ സ്വന്തം മുദ്ര പതിപ്പിച്ചുതുടങ്ങിയ കാലം മുതല്‍ മമ്മൂട്ടി നവാഗതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും താരപദവി ഉറച്ചതിനു ശേഷമുള്ള ആ തീരുമാനങ്ങള്‍ മലയാളത്തിന്‍റെ തന്നെ പുതുകാല സിനിമയുടെ ഭാവിയുമാണ് കുറിച്ചത്. രണ്ടായിരങ്ങളുടെ തുടക്കം എന്നത് മലയാളസിനിമയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ സ്ഥിരം ചേരുവകള്‍ പ്രേക്ഷകരെ മടുപ്പിച്ചു തുടങ്ങിയെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന കാലം, ബി-സി ക്ലാസ് തിയറ്ററുകാര്‍ക്ക് പിടിച്ചുനില്‍ക്കാനായി സോഫ്റ്റ് പോണ്‍ സിനിമകളെ ആശ്രയിക്കേണ്ടിവന്ന കാലം. സിനിമ തന്നെ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറുന്നതിന് മുന്‍പുള്ള ആശയക്കുഴപ്പങ്ങളുടെ ഒരു കാലമായിരുന്നു അതെന്ന് ഇന്ന് വിലയിരുത്താനാവും. അപ്പോഴും നാളത്തെ സിനിമയെ മുന്നില്‍ക്കണ്ട്, ഭാവി ചലച്ചിത്ര പ്രവര്‍ത്തകരെ തീരുമാനിച്ചതില്‍ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ക്ക് വലിയ പങ്കുണ്ട്.
2000 മുതലുള്ള പത്ത് വര്‍ഷങ്ങളില്‍ മമ്മൂട്ടി ഒപ്പം സഹകരിച്ച നവാഗത സംവിധായകരില്‍ 'കാഴ്ച'യുമായി ബ്ലെസ്സിയുണ്ട് (2004), 'രാജമാണിക്യ'വുമായി അന്‍വര്‍ റഷീദ് (2005) ഉണ്ട്, 'ബിഗ് ബി'യുമായി അമല്‍ നീരദും (2007) 'കഥ പറയുമ്പോഴു'മായി എം മോഹനനും (2007) 'ഡാഡി കൂളു'മായി (2009) ആഷിക് അബുവുമുണ്ട്. ഒരു നവാഗതനെന്ന് പറയാനാവാത്ത ആളായിരുന്നു ബ്ലെസ്സി. പി പത്മരാജനൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ചുതുടങ്ങിയ കലാകാരന്‍. പതിറ്റാണ്ടുകളുടെ അനുഭവപരിചയത്തിനു ശേഷം കാഴ്ചയിലൂടെ അരങ്ങേറിയപ്പോള്‍ ആ സംവിധായകന്‍റെ സിനിമാ കാഴ്ചപ്പാടിലും രണ്ട് കാലങ്ങളുടെ ഒരു സംയോഗമുണ്ടായിരുന്നു. പറയുമ്പോള്‍ ലളിതമായ കഥയെങ്കിലും അവതരണത്തില്‍ ഏറെ സൂക്ഷ്‍മതയും സങ്കീര്‍ണ്ണതയുമുള്ള ചിത്രം. മമ്മൂട്ടി പക്ഷേ ആ റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ കാഴ്ച സംഭവിച്ചു. രണ്ടായിരത്തോടു ചേര്‍ന്നുള്ള 'താര പരാജയ ചിത്രങ്ങള്‍'ക്കു ശേഷം തിയറ്റര്‍ പൂരപ്പറമ്പാക്കി ചിത്രമായിരുന്നു 'രാജമാണിക്യം'. അങ്ങനെ മുഖ്യധാരാ താരചിത്രങ്ങളില്‍ പുതിയൊരു നിലവാരം സാധ്യമാണെന്നു പറഞ്ഞ് അന്‍വര്‍ റഷീദ് എത്തി. റിലീസ് സമയത്ത് വലിയ വിജയം ആയില്ലെങ്കിലും പില്‍ക്കാല മുഖ്യധാരാ സിനിമയുടെ കാഴ്ചകളെ എത്തരത്തില്‍ സ്വാധീനിച്ച ചിത്രമായിരുന്നു 'ബിഗ് ബി' എന്ന് ഇന്ന് സംശയത്തിന്‍റെ കാര്യമില്ല. മലയാളസിനിമ ഡിജിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അതിന്‍റെ അമരക്കാരില്‍ ഒരാളായി പരിണമിച്ച ആഷിക് അബുവിനും ആദ്യം ഡേറ്റ് കൊടുത്തത് മമ്മൂട്ടി ആയി എന്നത് കേവലയാദൃശ്ചികതയല്ല.

Post a Comment