ന്യൂഡൽഹി∙ ‘ആളുകളെ പല്ലുവേദനയിൽനിന്ന് സംരക്ഷിക്കാൻ ചുമതലേറ്റയാൾ പിന്നീടു ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള പാത സ്വീകരിക്കാൻ കാരണമെന്താണ്?’ – ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. ഡോ. നവജ്യോത് സിമി ചിരിച്ചുകൊണ്ട് മറുപടി നൽകി: ‘ ഞാൻ വളരെക്കാലമായി സിവിൽ സർവീസിൽ ജോലി ചെയ്യുന്നു. ഒരു ഡോക്ടറുടെ ജോലിയും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കടമയും ആളുകളുടെ വേദന മാറ്റുക എന്നതാണ്. അതിനാൽ ഇതു മറ്റുള്ളവർക്കു സേവനം ചെയ്യുന്നതിനുള്ള വലിയ അവസരമാണെന്നു ഞാൻ കരുതുന്നു.’
ഡെന്റിസ്റ്റിന്റെ വെള്ളക്കോട്ടിൽനിന്നും പൊലീസിന്റെ കാക്കിയിലേക്കു ചുവടുമാറ്റിയ ഡോ.നവജ്യോത് സിമിയുടെ വാക്കുകൾ രാജ്യമാകെ ഏറ്റെടുക്കുകയാണ്. ശനിയാഴ്ച, ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥരോടു സംവദിക്കവെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി, നവ്ജ്യോതിനോടു ചോദ്യം ചോദിച്ചത്. ഇതിന്റെ വിഡിയോ നവജ്യോത് സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണു വൈറലായത്. പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിയായ നവജ്യോത്, ബിഹാർ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ്.
‘ഇന്ത്യൻ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താൻ സാധിച്ചതിന് നന്ദി. ഭാവിയിലെ മികച്ച പ്രവർത്തനത്തിനു താങ്കളുടെ മാർഗനിർദേശവും ഉപദേശവും ഞങ്ങൾക്ക് അമൂല്യമാണ്. ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ‘പുതിയ ഇന്ത്യ’യിലേക്ക് രാജ്യത്തെ നയിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും.’– വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഡോ.നവജ്യോത് സിമി കുറിച്ചു.
ഡോ. നവജ്യോത് സിമി ഐപിഎസ്
പൊലീസ് സേനയിൽ ചേർന്നതിലൂടെ പുതുതലമുറയിലെ പെൺകുട്ടികൾക്ക് ഡോ.നവജ്യോത് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പറഞ്ഞു. അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി, ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നു പൊലീസ് സേനയെ കൂടുതൽ മാതൃകാപരമാക്കുന്നതിൽ വിജയിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു.

Post a Comment