താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. നെപ്പോട്ടിസത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്ന സിനിമാ മേഖലയാണ് ബോളിവുഡ്. എന്നാല്‍ ഈ പ്രവണതയ്ക്ക് യാതൊരു കുറവുമില്ല. ഇനി കുറയുകയുമില്ല. ഇങ്ങനെ മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലെത്തിയവരാണ് ബോളിവുഡിലെ ഇന്നത്തെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും മുതല്‍ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനും സല്‍മാന്‍ ഖാനും വരെയുള്ളവര്‍.
മലയാളത്തിലും ഈ പതിവ് തുടരുന്നുണ്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ഒരുപാട് താരങ്ങളെ മലയാളത്തിലും കാണാം. ഇങ്ങനെ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആണ്‍ മക്കളും സിനിമയിലെത്തി. മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തി, ഇന്ന് സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും അതേ മാര്‍ഗ്ഗത്തിലൂടെ സിനിമയിലെത്തിയതാണ്.
എന്നാല്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പെണ്‍മക്കള്‍ തങ്ങളുടെ സഹദരന്മാരുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്തവരല്ല. ഇപ്പോഴിതാ എന്തുകൊണ്ട് ഇതുവരേയും സിനിമയില്‍ അരങ്ങേറിയില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടിയുടെ മകള്‍ സുറുമി. സിനിമാ താരത്തിന്റെ മകളാണെങ്കിലും അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു പാതയാണ് സുറുമി തിരഞ്ഞെടുത്തത്. ചിത്ര രചനയിലായിരുന്നു സുറുമിയുടെ താല്‍പര്യം. ഉന്നത പഠനവും ചിത്ര രചനയിലായിരുന്നു. ഇന്ന് ചിത്ര രചനയില്‍ സ്വന്തമായൊരു പേര് നേടാന്‍ സുറുമിയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സുറുമി മനസ് തുറന്നിരിക്കുകയാണ്. സിനിമയിലേക്ക് വരാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് പേടിയായിരുന്നുവെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങിയായിരുന്നുവെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നുവെന്നുമാണ് സുറുമി പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്കേ്.
'എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുല്‍ഖറയായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത്'' സുറുമി പറയുന്നു.
വരയ്ക്കാന്‍ എന്തെങ്കിലും വേണമെന്ന് പറയുമ്പോള്‍ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങി തരാറുള്ളതെന്നും സുറുമി പറയുന്നു. പിന്നീട് താന്‍ ചിത്ര രചനയില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോള്‍ അതിനും വീട്ടില്‍ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്നും സുറുമി പറഞ്ഞു. അതേസമയം എന്നെങ്കിലും സിനിമയില്‍ വരുമോ എന്ന് അവതാരക ചോദിക്കുമ്പോള്‍ അങ്ങനെ ഉണ്ടാവില്ല എന്നാണ് സുറുമി പറയുന്നത്.
ഈയ്യടുത്തായിരുന്നു മമ്മൂട്ടി തന്റെ സിനിമാജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ ഏഴിനായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. വാപ്പച്ചിയുടെ പിറന്നാളിന് താന്‍ വരച്ച വാപ്പച്ചിയുടെ ചിത്രമായിരുന്നു സുറുമി പങ്കുവച്ചത്. മമ്മൂട്ടിയ്ക്ക് ഒരു സര്‍പ്രൈസായിരുന്നു സുറുമി വരച്ച ചിത്രം. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വാപ്പച്ചി അഭിനയത്തിലെങ്കില്‍ മകള്‍ വരയില്‍ പുലിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം വണ്‍ ആണ് മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ലോക്ക്ഡൗണ്‍ കാലത്ത് ഇറങ്ങിയ രണ്ട് മമ്മൂട്ടി ചിത്രങ്ങളിലൊന്നായിരുന്നു വണ്‍. ദ പ്രീസ്റ്റ് ആയിരുന്നു മറ്റൊരു ചിത്രം. നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ഭീഷ്മ പര്‍വ്വമാണ് ചിത്രീകരണം പൂര്‍ത്തിയായ ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ആവേശം തീര്‍ത്തിരുന്നു. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് പുഴു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിരുന്നു. ഇതുവരെ കാണാത്ത ഭാവത്തിലാണ് ഇതില്‍ മമ്മൂട്ടിയെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Post a Comment