തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പില്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ച ഐജി ജി. ലക്ഷ്മണിന്റെയും ചേര്‍ത്തല സിഐ ശ്രീകുമാറിന്റെയും ഇടപെടലുകൾ തെളിവുകള്‍ സഹിതം പുറത്തു വന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ റിപ്പോര്‍ട്ട് അനുസരിച്ചു നടപടിയെന്നാണു പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ നിലപാട് സ്വീകരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സര്‍ക്കാരും മൗനത്തിലാണ്.
നിയമവിരുദ്ധമായി ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണമടക്കം ഐജി ലക്ഷ്മണും മോന്‍സനും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ക്ക് ഒട്ടേറെ തെളിവുണ്ട്. തട്ടിപ്പുകാരനുമായി ഐജിക്കുള്ള ബന്ധം ഒരു വര്‍ഷം മുന്‍പുതന്നെ ഉന്നത പൊലീസുദ്യോഗസ്ഥർ അറിഞ്ഞിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു മോന്‍സനെതിരായ അന്വേഷണത്തില്‍നിന്ന് ആലപ്പുഴ എസ്‌പിയെ മാറ്റിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതിന് എഡിജിപി മനോജ് എബ്രഹാം നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ ഐജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെയായിട്ടും ലക്ഷ്മണ്‍ പൊലീസ് ആസ്ഥാനത്തു യാതൊരു മാറ്റവുമില്ലാതെ അതേ കസേരയില്‍ തുടരുകയാണ്. ഡിജിപി അനില്‍കാന്ത് രണ്ടു ദിവസമായി കേരളത്തിലില്ലാത്തതാണു നടപടിക്കു തടസ്സമായി പൊലീസ് പറയുന്നത്
.
ഐജി കഴിഞ്ഞാല്‍ മോന്‍സനെ സഹായിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിവുള്ള മറ്റൊരു ഉദ്യോഗസ്ഥനാണു ചേര്‍ത്തല സിഐ ശ്രീകുമാര്‍. കേസുകളില്‍ സഹായിച്ചതിനൊപ്പം മോന്‍സനുമായുള്ള ആഴത്തിലുള്ള അടുപ്പത്തിനും തെളിവുണ്ട്. സിഐക്കെതിരെയും നടപടിയില്ല. ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായിട്ടും പ്രത്യേകം അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ചെയ്യാതെ സര്‍ക്കാർ മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷമടക്കം വിമർശനമുന്നയിക്കുന്നുണ്ട്.
Post a Comment