ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി‘ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടർന്നു. ഇന്ത്യയിലെ ആദ്യ ദേശി സൂപ്പർ ഹീറോ എന്ന ടാഗ്ലൈനിൽ എത്തിയിരിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്ന ടൊവിനോക്കൊപ്പം ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കുകയാണ്.

മിന്നൽ മുരളി ഗംഭീര വിജയം നേടുമ്പോൾ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പേജിൽ ട്രോളന്മാർ ആറാടുകയാണ്. ചിത്രത്തിൽ ഷിബു എന്ന കഥാപാത്രം തുന്നൽ കട സ്വയം കത്തിച്ച ശേഷം ‘അയ്യോ നാട്ടുകാരെ, കടക്ക് തീ പിടിച്ചേ‘ എന്ന് വിളിച്ചുകൂവി ആളെക്കൂട്ടുന്ന രംഗം ഉപയോഗിച്ച് ഔട്ട്സ്പോക്കൺ, ട്രോൾ മലയാളം തുടങ്ങിയ പേജുകളിൽ നിരവധി ട്രോളുകളാണ് ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായി മുന്നേറുന്നത്.

ശബരിമല വിഷയം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് സമരം ചെയ്യുന്ന ഭക്തരെ അപമാനിക്കുന്ന തരത്തിൽ സ്വാമി സന്ദീപാനന്ദ ഗിരി അഭിപ്രായം പറഞ്ഞിരുന്നു. അതിനോടനുബന്ധിച്ച ദിവസങ്ങളിൽ ഒന്നിൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനം കത്തി നശിച്ചിരുന്നു. നിമിഷങ്ങൾക്കകം സംഭവ സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഘപരിവാർ സംഘടനകളെ പ്രതിസ്ഥാനത്ത് നിർത്തി പ്രസ്താവനകൾ നടത്തിയിരുന്നു.

സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷവും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. വാഹനം കത്തിയ സ്ഥലത്തെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്നും കത്തിയ വാഹനത്തിന്റെയും കത്താത്ത വാഹനങ്ങളുടെയും ഇൻഷുറൻസ് അടവുകളുമായി ബന്ധപ്പെട്ടും ഒക്കെയുള്ള പൊരുത്തക്കേടുകൾ അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രോളുകൾ നിറയുന്നത്. സംഭവം നടക്കുന്ന സമയത്ത് സ്വാമിയെ ‘ഷിബു‘ എന്ന് സംബോധന ചെയ്തതുമായി ബന്ധപ്പെട്ടും വിവാദം ഉണ്ടായിരുന്നു. സ്വാമിയുടെ പൂർവ്വാശ്രമത്തിലെ നാമം എന്ന പേരിൽ ഉണ്ടായ വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു.

അടുത്തയിടെ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റും ട്രോളുകൾക്ക് കാരണമാകുകയാണ്.

Post a Comment