കൊച്ചി: യുദ്ധം തുടങ്ങിയതു മുതല്‍ ദുരിതക്കയത്തിലാണ് സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്നൂറിലധികം മലയാളി വിദ്യാര്‍ത്ഥികള്‍.കുടിക്കാന്‍ വെള്ളമില്ല. വിശപ്പടക്കാന്‍ മാത്രമുള്ള ഭക്ഷണം പോലും ഇല്ല. കൊടും തണുപ്പില്‍ വേണ്ട സൗകര്യങ്ങള്‍ ഒന്നുമില്ല. എങ്കിലും ഒരു കുഴപ്പവും കൂടാത നാട്ടിലെത്താന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ഇവിടെ കുടുങ്ങിക്കിടക്കുന്ന 300ലധികം മലയാളി വിദ്യാര്‍ത്ഥികള്‍.

എന്നാല്‍ ഇനിയും ഇവര്‍ക്ക് മുന്നില്‍ രക്ഷാമാര്‍ഗങ്ങള്‍ ഒന്നും തന്നെ തെളിഞ്ഞിട്ടില്ല. യുദ്ധം തുടങ്ങിയ അന്നു മുതല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിന്റെ പൊടിയും അഴുക്കും നിറഞ്ഞ ബേസ്‌മെന്റിലാണ് എഴുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത്. 7 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള സ്ഥലത്തു ബേസ്‌മെന്റില്‍ ചൂടു പകരാന്‍ ഹീറ്റര്‍ പോലുമില്ല. യുകൈനിലെ മറ്റെല്ലാ സ്ഥലങ്ങളില്‍നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചപ്പോള്‍ സുമിയില്‍നിന്നുമാത്രം പുറത്തുകടക്കാനായിട്ടില്ല.

'ഉറങ്ങിയിട്ട് 11 ദിവസമായി. കുടിവെള്ളം പോലും കിട്ടാനില്ല. മഞ്ഞ് ഉരുക്കിയെടുത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. ബിസ്‌കറ്റും ബ്രഡും മാത്രം കഴിച്ച്‌ വിശപ്പ് അടക്കുകയാണ്. കുളിച്ചിട്ടു ദിവസങ്ങളായി. സാനിറ്ററി പാഡ് മാറി ശുചിയാകാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുകയാണു വിദ്യാര്‍ത്ഥിനികള്‍' നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും കുമ്ബളങ്ങി സ്വദേശിയുമായ ഇ.എസ്. ജോയല്‍ പറയുന്നു.

ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള റഷ്യന്‍ അതിര്‍ത്തിയിലേക്ക് 60 കിലോമീറ്റര്‍ ദൂരമേയുള്ളൂവെങ്കിലും അങ്ങോട്ടു പോകാന്‍ യാത്രാവാഹനമൊന്നുമില്ല. റെയില്‍വേ പാളങ്ങളും റോഡുകളുമെല്ലാം ബോംബാക്രമണത്തില്‍ തകര്‍ന്നു.യുക്രെയ്ന്‍ സ്വദേശികളുടെ കയ്യില്‍ ആയുധമുള്ളതിനാല്‍ പുറത്തിറങ്ങി സ്വന്തം നിലയ്ക്ക് രക്ഷപ്പെടാനും ഭയമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സഹായത്തിനായി വിളിച്ചാല്‍ എംബസിയില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിക്കുന്നതെന്നും ഇവര്‍ക്കു പരാതിയുണ്ട്.

അതേസമയം ഇന്നും ഇന്ത്യയില്‍ നിന്നും യുക്രൈനിലെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പറക്കും. 2200 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഇന്നു മാത്രം 11 വിമാനങ്ങള്‍ പുറപ്പെടുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയും ഇന്നലെയുമായി 15 വിമാനങ്ങളില്‍ 3000 പേര്‍ മടങ്ങിയെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 12 എണ്ണം യാത്രാവിമാനങ്ങളും 3 എണ്ണം വ്യോമസേനാ വിമാനങ്ങളുമാണ്.

331 മലയാളി വിദ്യാര്‍ത്ഥികളെത്തി
യുക്രെയ്‌നില്‍ നിന്നു 331 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ഇന്നലെ നാട്ടിലെത്തി. ഇതുവരെ യുക്രെയ്‌നില്‍ നിന്നു 1,401 വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നിന് നെടുമ്ബാശേരിയില്‍ എത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 153 പേരാണ് എത്തിയത്. ഇന്നലെ 2 വിമാനങ്ങളിലായി 358 എത്തി. ഉച്ചയ്ക്ക് 3.35ന് എത്തിയ ആദ്യവിമാനത്തില്‍ 178 പേരും രാത്രി എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 180 പേരുമാണ് നെടുമ്ബാശേരിയില്‍ ഇറങ്ങിയത്.

38 മലയാളി വിദ്യാര്‍ത്ഥികളടക്കം 183 പേരുമായി എയര്‍ഇന്ത്യ എക്സ്‌പ്രസ് വിമാനം മുംബൈയിലെത്തി. മലയാളി വിദ്യാര്‍ത്ഥികളില്‍ 21 പേരെ മുംബൈയില്‍ നിന്നു കൊച്ചിയിലും ഏഴു പേരെ കോഴിക്കോട്ടും എത്തിച്ചതായി നോര്‍ക്ക അധികൃതര്‍ പറഞ്ഞു. അഞ്ചു പേരെ വീതം തിരുവനന്തപുരം, കണ്ണൂര്‍ വിമാനങ്ങളിലും എത്തിച്ചു.

Stories you may Like

Post a Comment