തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ സമരക്കാരെ ചവിട്ടിയ പോലീസുകാരനെതിരെ നടപടിയെടുത്തു. മംഗലപുരം സിപിഒ ആയിരുന്ന ഷബീറിനെ സ്ഥലം മാറ്റി.പുളിങ്കുടി എആര്‍ ക്യാമ്ബിലേക്കാണ് സ്ഥലം മാറ്റിയത്. വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സ്ഥലമാറ്റം. പ്രാഥമിക അന്വേഷണത്തില്‍ സമരത്തിനിടെ ഷബീര്‍ പ്രതിഷേധക്കാരെ ചവിട്ടിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.
<
br>
അതിനിടെ സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. സമരത്തിനിടെ പോലീസ് നാട്ടുകാരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ ഷബീറിനെതിരെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചവിട്ടേണ്ട സാഹചര്യമില്ലെന്ന് വിലരുത്തിയ റിപ്പോര്‍ട്ടിലും ഷബീര്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നാണ് പറഞ്ഞത്.

പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിന് പിന്നാലെ കെ-റെയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന നടപടി സര്‍ക്കാര്‍ പുന:രാരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ കരിച്ചാറയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസുകാരന്‍ സമരക്കാരില്‍ ഒരാളെ ചവിട്ടി വീഴ്‌ത്തിയത്. ഷബീര്‍ സമരക്കാരന്റെ ഇടുപ്പിലും വയറ്റിലും ബൂട്ടിട്ട് ചവിട്ടുകയായിരുന്നു.

സംഘര്‍ഷ സാദ്ധ്യതയുണ്ടായിട്ടും പോലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്.

Tags: police kerala krail

Post a Comment