ചെന്നൈ: പ്രശസ്ത തമിഴ് മോട്ടിവേഷനല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശബരിമല ജയകാന്തന്‍ ഇസ്‌ലാം സ്വീകരിച്ചു.സൗദി സന്ദര്‍ശനത്തിനെത്തിയ അവര്‍ മക്കയിലെ ഹറം പള്ളിയില്‍ കഅ്ബയ്ക്ക് മുന്നില്‍നിന്നാണ് ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

''എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. തുടര്‍ന്ന് നിഷ്പക്ഷ മനസോടെ ഖുര്‍ആന്‍ വായിച്ചുതുടങ്ങി. അങ്ങനെയാണ് ആ സത്യം ഞാന്‍ മനസിലാക്കുന്നത്. ഇപ്പോള്‍ എന്നെക്കാളും ഞാന്‍ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു.''- അവര്‍ പറഞ്ഞു.

മുസ്‌ലിമായിരിക്കുന്നത് വലിയൊരു ആദരവും ബഹുമതിയുമാണെന്ന് സൂചിപ്പിച്ച ഫാത്തിമ ശബരിമല ഖുര്‍ആന്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തണമെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെടുകയും ചെയ്തു. ''വിസ്മയകരമായൊരു ഗ്രന്ഥം നിങ്ങളുടെ കൈയിലുണ്ട്. എന്തിനാണ് അത് വീട്ടില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ലോകം അതു വായിക്കണം..'' ഹറം പള്ളിയില്‍നിന്നുള്ള വിഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.

 
പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകള്‍ ഫാത്തിമയുടെ പേരുതന്നെ സ്വീകരിക്കാന്‍ കാരണമെന്നും ശബരിമല വ്യക്തമാക്കി. കഅ്ബയെ പുതപ്പിക്കുന്ന പ്രത്യേക വിരിപ്പായ കിസ്‌വ നിര്‍മാണ കേന്ദ്രത്തില്‍ പ്രത്യേക അതിഥിയായി സന്ദര്‍ശിക്കാനും അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. കേന്ദ്രം സന്ദര്‍ശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നീറ്റ് പരീക്ഷയില്‍ പ്രതിഷേധിച്ച്‌ ജോലി രാജിവച്ചു; സ്ത്രീ അവകാശങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

നീറ്റ് പരീക്ഷയില്‍ പ്രതിഷേധിച്ച്‌ 2017ല്‍ സര്‍ക്കാര്‍ ജോലി രാജിവച്ച്‌ ശബരിമല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ശബരിമല. പ്ലസ്ടു റാങ്കുകാരിയായിരുന്ന എസ്. അനിത എന്ന വിദ്യാര്‍ത്ഥിനി മെഡിക്കല്‍ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്തതിനു പിന്നാലെയായിരുന്നു രാജി. കൂഡല്ലൂറില്‍ കാട്ടുമന്നാര്‍ഗുഡിയിലുള്ള ഗവ. സ്‌കൂളില്‍ അധ്യാപികയായിരുന്നു അവര്‍.

ജോലിയെക്കാളും പ്രധാനം രാജ്യമാണെന്നു പ്രഖ്യാപിച്ച ശബരിമല ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. മോട്ടിവേഷനല്‍ സ്പീക്കറായി മാറുന്നതും അങ്ങനെയായിരുന്നു. 2020ല്‍ സ്ത്രീ അവകാശങ്ങള്‍ക്കായി 'പെണ്‍ വിടുതലൈ കച്ചി' എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിക്കും തുടക്കമിട്ടു.


2002 മുതല്‍ തന്നെ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ശബരിമല. വിദ്യാഭ്യാസനീതിയും പെണ്‍കുട്ടികളുടെ സുരക്ഷയും സ്ത്രീ അവകാശങ്ങളും മുന്‍നിര്‍ത്തിയായിരുന്നു അവരുടെ പോരാട്ടം. 2017ല്‍ 'വിഷന്‍ 2040' എന്ന പേരില്‍ പുതിയൊരു സംഘടനയ്ക്ക് തുടക്കമിട്ടു. പെണ്‍കുട്ടികളുടെ സുരക്ഷയും ഏക വിദ്യാഭ്യാസ സംവിധാനവും പ്രമേയമാക്കിയായിരുന്നു സംഘടന രൂപീകരിച്ചത്.


പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആറുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ നേരില്‍കണ്ട് ബോധവല്‍ക്കരണം നടത്തി. ഇതേ വിഷയത്തില്‍ പുസ്തകവുമെഴുതി 5,000ത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. കോയമ്ബത്തൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട റിതന്യശ്രീയുടെ കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കൈമാറിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

 
മോട്ടിവേഷന്‍ പ്രസംഗരംഗത്ത് സജീവമായതോടെ നിരവധി വേദികളാണ് ശബരിമലയെ തേടിയെത്തിയത്. 200ലേറെ പ്ലാറ്റ്‌ഫോമുകളില്‍ പാനലിസ്റ്റായി. ന്യൂസ്7 ടി.വി, ജയ ടി.വി, വേന്ദര്‍ ടി.വി അടക്കമുള്ള ചാനലുകളില്‍ നിരവധി പ്രോഗ്രാമുകളുടെ അവതാരകയായും നിറഞ്ഞുനിന്നു അവര്‍.

Summary: Tamil motivational speaker Sabarimala converts to Islam

Post a Comment