കോഴിക്കോട്: സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ ഹണിട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും മൊബൈല്‍ ഫോണും മറ്റും കവരുന്ന സംഘം ടൗണ്‍ പൊലീസിന്റെ പിടിയില്‍.


റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍ വച്ച്‌ കാസര്‍കോട് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസന്‍ഭായ് വില്ലയില്‍ ഷംജാദ് പി.എ എന്നിവരാണ് പിടിയിലായത്.


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ യുവതി കാണാന്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ച്‌ കവര്‍ച്ച നടത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസില്‍ പ്രതികള്‍ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജയശ്രീ, അനില്‍കുമാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജാത എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment