സൂര്യഗായത്രിയും അരുണുമായി നേരത്തെ അടുപ്പത്തിലായിരുന്നു. അരുണിനെ അവഗണിച്ച് മറ്രൊരാളെ വിവാഹം ചെയ്ത സൂര്യഗായത്രി, ഭര്‍ത്താവുമായി പിണങ്ങി കുറച്ച് നാളുകളായി അച്ഛനമ്മമാര്‍ക്കൊപ്പമായിരുന്നു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ ലോട്ടറി വില്‍പ്പനയ്ക്ക് പോകുന്നതിനിടെ അരുണുമായി വീണ്ടും കണ്ടുമുട്ടി. അരുണ്‍ വീണ്ടും പ്രണയാഭ്യര്‍ത്ഥനയുമായി സമീപിച്ചെങ്കിലും സൂര്യഗായത്രി അംഗീകരിക്കാന്‍ തയ്യാറായില്ല. സൂര്യഗായത്രിയോടുള്ള പ്രണയം നാട്ടില്‍ പാട്ടാകുകയും സൂര്യ തന്നെ അംഗീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. അരുണിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇതില്‍ വ്യക്തതവരുത്താനാകുമെന്നാണ് പൊലീസ് പറയുന്നു.
പട്ടാപ്പകല്‍
അരങ്ങേറിയ ക്രൂരത
ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് പറട്ട ഉഴപ്പക്കോണത്തെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരിക വെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരുടെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്ററോളം അകലെ ആര്യനാടാണ് അരുണിന്റെ വീട്. ഇവിടെ നിന്ന് സ്‌കൂട്ടറില്‍ സൂര്യഗായത്രിയുടെ വീട്ടിലെത്തിയ അരുണ്‍ വീടിന് ചുറ്റും കറങ്ങിയശേഷം അടുക്കളവാതിലിലൂടെ അകത്തുകടന്ന് സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മ വത്സലയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെ ക്രൂരമായി മര്‍ദ്ദിച്ചു. സൂര്യയുടെ തലമുതല്‍ പാദം വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ പലവട്ടം ഇടിച്ച് മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. നീ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേടി. നീ കാരണം എനിക്ക് പുറത്തിറങ്ങാന്‍ വയ്യാതായി. നിന്നെ കൊല്ലാനാണ് ഞാന്‍ വന്നതെന്ന്... എന്നിങ്ങനെ വിളിച്ച് പറഞ്ഞാണ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചത്. കുത്തേറ്റ് രക്തത്തില്‍ കുളിച്ച് നിലത്തുവീണ സൂര്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടശേഷം സമീപത്തെ വീടിന്റെ ടെറസില്‍ ഒളിച്ചിരുന്ന അരുണിനെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ അരുണിനെ പൊലീസിന് കൈമാറി. പരിക്കേറ്റ അരുണും ആശുപത്രിയിലായതിനാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ അരുണിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം വിശദമായ ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരിയായ മാതാവ് വല്‍സലയുടെയും രോഗിയായ പിതാവ് ശിവദാസന്റെയും ഏക ആശ്രയമായിരുന്നു മകള്‍ സൂര്യ. ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കളെ സൂര്യയാണ് മുന്നോട്ടു നയിച്ചിരുന്നത്. വഞ്ചിയൂര്‍,ആര്യനാട്, പേരൂര്‍ക്കട സ്‌റ്റേഷനുകളില്‍ അരുണിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു
Post a Comment