ന്യൂഡല്‍ഹി: ചിട്ടയായ പഠനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാമത് എത്താനായതെന്ന് റാങ്ക് ജേതാവ് ശ്രുതി ശര്‍മ്മ.
പരീക്ഷക്ക് വേണ്ടി നന്നായി തയ്യാറെടുത്തിരുന്നെന്നും എന്നാല്‍ ഒന്നാം റാങ്കില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞു.
ആദ്യം എന്റെ പേര് മുകളില്‍ കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. രണ്ട് തവണ റിസള്‍ട്ട് പരിശോധിച്ചാണ് സംഗതി ഉറപ്പിച്ചത്. പരീക്ഷയെ ഇഷ്ടപ്പെട്ടാണ് പഠിച്ചതെന്നും അതിനാല്‍ ആവശ്യത്തിന് പ്രചോദനം ഉണ്ടായിരുന്നെന്നും ശ്രുതി പറഞ്ഞു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ്. അവര്‍ തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നതായും ശ്രുതി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ചരിത്രത്തിലാണ് ശ്രുതി ശര്‍മ്മ ബിരുദം പൂര്‍ത്തിയാക്കിയത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്ബോഴാണ് സിവില്‍ സര്‍വിസ് പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തത്. ജാമിയ മില്ലിയ ഇസ്‌ലാമിയ റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയില്‍ നിന്നാണ് യു.പി.എസ്.സി പരിശീലനം നടത്തിയത്.
2021ലെ യു.പി.എസ്.സി സിവില്‍ സര്‍വിസ് പരീക്ഷയില്‍ ആകെ 685 ഉദ്യോഗാര്‍ഥികളാണ് യോഗ്യതാ പട്ടികയില്‍ ഇടം നേടിയത്. അങ്കിത അഗര്‍വാള്‍ രണ്ടാം റാങ്കും ഗാമിനി സിംഗ്ല മൂന്നാം റാങ്കും ഐശ്വര്യ വര്‍മ നാലാം റാങ്കും നേടി. ആദ്യ റാങ്കുകള്‍ വനിതകളാണ് നേടിയത്.
ആദ്യ നൂറില്‍ മലയാളികളായ ഒമ്ബതുപേര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളികളില്‍ ഒന്നാമത്. ശ്രുതി രാജലക്ഷ്മി (25), വി. അവിനാശ് (31), ജാസ്മിന്‍ (36), ടി. സ്വാതിശ്രീ (42), സി.എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന്‍ (66), ചാരു (76) എന്നിവരാണ് ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ട മലയാളികള്‍.
Post a Comment