തിരുവനന്തപുരം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കും മുട്ടന്‍ പണി കൊടുത്ത് വീടുവിട്ടിറങ്ങിയ യുവതിയെ തേടി പൊലീസും നാട്ടുകാരും അലഞ്ഞത് മണിക്കൂറുകളോളം.തിരുവനന്തപുരം ജില്ലയിലെ ചൊവ്വര അടി മലത്തുറയിലാണ് സംഭവം. വീടിന് പിന്നില്‍ ചോര പുരണ്ടതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാണ് യുവതി ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങിയത്. തന്നെ ആരോ അപായപ്പെടുത്തിയെന്ന് ഭര്‍ത്താവിനെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനാണ് യുവതി ഇങ്ങനെ ചെയ്തത്. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വലിയതുറയില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.

ഫേസ്ബുക്ക് പ്രേമത്തിനൊടുവില്‍ വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിച്ച്‌ നാല് മാസം കഴിഞ്ഞപ്പോഴാണ് 19കാരിയായ യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കും പണികൊടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെ വീട് വിട്ട് പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ തിരക്കിയിറങ്ങിതോടെയാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. വീടിന്‍റെ പുറകില്‍ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാര്‍ ഞെട്ടി.

സ്വന്തം വസ്ത്രങ്ങള്‍ കീറി വീടിന് പുറകിലെ കുറ്റിക്കാട്ടില്‍ എറിഞ്ഞ ശേഷം, തന്നെ അപായപ്പെടുത്തിയതെന്ന് വരുത്താന്‍ പരിസരത്ത് ചുവന്ന നെയില്‍ പോളീഷ് ഒഴിച്ച ശേഷമാണ് യുവതി വീടുവിട്ടിറങ്ങിയത്. മരുമകളെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വീടിന് പരിസരത്ത് 'ചോരക്കറ' കണ്ടത്. വിവരമറിഞ്ഞ് ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഷാജി, കോവളം സി.ഐ. പ്രൈജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും, സയന്‍റിഫിക് എക്സ്പര്‍ട്ടും സ്ഥലത്തെത്തി.

പരിസരത്തെ കുറ്റിക്കാടുകളും തെങ്ങില്‍ തോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൊലീസും നാട്ടുകാരും അരിച്ച്‌ പെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവില്‍ മേഖലയിലെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവതി നടന്നു പോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല. പൊലീസ് തിരയുന്നതിനിടയില്‍ യുവതി വാഹനത്തില്‍ കയറി വലിയതുറയിലെ ഒരു പള്ളിയില്‍ എത്തി. സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനനുസരിച്ച്‌ പോലീസ് എത്തി ഉച്ചയോടെ വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് യുവതിയെ കണ്ടെത്തി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമായത്.

പോത്തന്‍കോട് സ്വദേശിനിയായ യുവതി ചൊവ്വര അടി മലത്തുറ സ്വദേശിയായ ഇരുപതുകാരനൊപ്പം ഫേസ്ബുക്ക് പ്രേമത്തിനൊടുവിലാണ് ഒളിച്ചോടിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി യുവാവിനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്ന് കേസെടുത്ത പോത്തന്‍കോട് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാല്‍ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു. ഒരുമിച്ച്‌ താമസം തുടങ്ങിയതോടെയാണ് പ്രത്യേകിച്ച്‌ തൊഴിലൊന്നുമില്ലാത്ത യുവാവിന്‍റെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതി മനസിലാക്കിയത്. ഇതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു.

Post a Comment