കൊവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്.കൊവിഡ് പ്രതിരോധത്തില്‍ കേരളം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുകയാണ്. കൊവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല മറിച്ച്‌ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ മന്ത്രി വ്യക്തമാക്കി.

ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞദിവസം ഒരു രാജ്യാന്തര മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ ഫോണില്‍ വിളിച്ചു. സ്വയം പരിചയപ്പെടുത്തിയശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'രണ്ട് ദിവസം മുമ്ബ് ഞാന്‍ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലെ കോവിഡിന്റെ സങ്കീര്‍ണവും ഗുരുതരവുമായ സാഹചര്യം നേരില്‍ കണ്ട് വാര്‍ത്ത നല്‍കുന്നതിനായാണ് എത്തിയത്. മറ്റു ചില സംസ്ഥാനങ്ങളില്‍ കണ്ടതുപോലെ കോവിഡ് രോഗികളുമായി ചീറിപ്പായുന്ന ആംബുലന്‍സുകള്‍, ഓക്‌സിജന്‍ ലഭിക്കാതെ ആശുപത്രി മുറ്റത്തും പരിസരങ്ങളിലും പിടഞ്ഞ് മരിച്ചുവീഴുന്ന ആളുകള്‍, ആശുപത്രി സൗകര്യമില്ലാതെ പരക്കംപായുന്ന മനുഷ്യര്‍... ഇതൊക്കെ ചിത്രീകരിക്കാനാണ് എത്തിയത്. എന്നാല്‍, ഇതൊന്നും എവിടെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കാതെ ആരുമില്ല. ബഹളങ്ങളില്ല.
ഓക്‌സിജന്‍ കിട്ടാതെ ആരും പിടഞ്ഞുമരിക്കുന്നില്ല. കേരളത്തെക്കുറിച്ച്‌ നടക്കുന്ന എതിര്‍ പ്രചാരണങ്ങള്‍ പോലെയല്ല കാര്യങ്ങളെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടപ്പോള്‍ നിങ്ങളോട് സംസാരിക്കണമെന്ന് നിശ്ചയിച്ച്‌ വിളിച്ചതാണ്'. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുമാണ് കോവിഡിനെ മികച്ച രീതിയില്‍ നമുക്ക് പ്രതിരോധിക്കാന്‍ സാധിച്ചത്.

കോവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കേരളം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുകയാണ്. കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല മറിച്ച്‌ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്, 2020 ജനുവരി 30ന്. അതിന് മൂന്നു മാസത്തിനുശേഷമാണ് കേരളത്തില്‍ ഒന്നാം തരംഗം ആരംഭിക്കുന്നത്. രാജ്യം മുഴുവന്‍ 68 ദിവസം നീണ്ട അടച്ചുപൂട്ടല്‍ 2020 മാര്‍ച്ച്‌ 24നു പ്രഖ്യാപിച്ചു.
2020 ആഗസ്ത് അവസാനം കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1536 ആണ്. ഓണം കഴിഞ്ഞപ്പോള്‍ മൂന്നിരട്ടി വര്‍ധനയുണ്ടായി. ഒക്‌ടോബറില്‍ ഏഴിരട്ടിയായി. കേരളത്തില്‍ രണ്ടാം തരംഗം ആരംഭിക്കുന്നത് 2021 ഏപ്രില്‍ പകുതിയോടെയാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ രണ്ടാം തരംഗം ആരംഭിച്ചതിനുശേഷം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവുമുയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത് മെയ് പന്ത്രണ്ടിനാണ്. 43,529 പുതിയ കേസ്. അന്നത്തെ ടിപിആര്‍ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 29.75 ആയിരുന്നു. രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് 2021 മെയ് എട്ടുമുതല്‍ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തി. ഇത് 40 ദിവസത്തോളം നീണ്ടു. ക്രമേണ നിയന്ത്രണം കുറച്ചു.
പകര്‍ച്ചവ്യാധി മൂലം മരിച്ചവരുടെ എണ്ണം പ്രതിരോധപ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള ഒരു ഘടകമാണ്. കോവിഡ് മൂലം കേരളത്തില്‍ മരിച്ചവരുടെ ശതമാനം 0.5 ആണ്. ഇന്ത്യയിലെ കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണ് ഇത്. രാജ്യത്തെ ശരാശരി 1.34 ശതമാനമാണ്. രോഗവ്യാപനം തടയുന്നതിലും രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതിലുമുള്ള കാര്യക്ഷമതയാണ് മറ്റൊരു ഘടകം. ഐസിഎംആര്‍ എല്ലാ സംസ്ഥാനത്തും പഠനം നടത്തി. സിറോ പ്രിവിലന്‍സ് പഠനത്തിലൂടെ വ്യക്തമാക്കപ്പെട്ടത് സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ് എന്നതാണ്. ശരീരത്തിലെ പ്രതിരോധശേഷി, ആന്റി ബോഡികളുടെ സാന്നിധ്യത്തിലൂടെ കണ്ടെത്തുകയാണ് ഐസിഎംആര്‍ ചെയ്തത്. പ്രതിരോധശേഷി രണ്ടു രീതിയില്‍ ആര്‍ജിക്കാം. ഒന്ന്, വാക്‌സിനേഷനിലൂടെയും രണ്ട്, രോഗത്തിലൂടെയും. ആര്‍ജിത പ്രതിരോധശേഷിയുള്ളവരുടെ ശതമാനം കേരളത്തില്‍ 42.7 എന്നാണ് പഠനം കണ്ടെത്തിയത്. അതിനുശേഷം വാക്‌സിനേഷനില്‍ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.
ഐസിഎംആര്‍ പഠനം വ്യക്തമാക്കിയത് കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം ആളുകള്‍ കോവിഡ് ബാധിക്കാത്തവരാണെന്നാണ്. നമ്മുടെ പ്രതിരോധസംവിധാനങ്ങള്‍ മുഖേന അത്രയും ജനങ്ങളെ പകര്‍ച്ചവ്യാധികളില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് വ്യക്തമാകുന്നത്. 2.05 കോടിയിലധികംപേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ മാത്രം ഒന്നേമുക്കാല്‍ കോടിയിലധികം ഡോസ് നല്‍കി. ഒന്നാം ഡോസ്: 72% (18 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ), രണ്ടാം ഡോസ്- 26%. ഇത് യഥാക്രമം മൊത്തം ജനസംഖ്യയുടെ 58 ശതമാനവും 21 ശതമാനവുമാണ്. ഇവ രണ്ടും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ് എന്നും കണ്ടെത്തി. ചില സംസ്ഥാനത്ത് 120 കേസില്‍ ഒന്നും 100 കേസില്‍ ഒന്നുമൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ദേശീയ ശരാശരി 33 കേസില്‍ ഒന്ന് എന്നതാണ്. കേരളത്തില്‍ ഇത് ആറിലൊന്നാണ് എന്നതാണ് ഐസിഎംആര്‍ പറയുന്നത്.
കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ ഓരോ ദശലക്ഷത്തിലും നടത്തുന്ന പരിശോധനകളില്‍ രാജ്യത്ത് ഒന്നാംനിരയിലാണ് കേരളം. രോഗികളെയും രോഗം വരാന്‍ സാധ്യതയുള്ളവരെയും കണ്ടെത്തുക എന്നതുപോലെ പ്രധാനമാണ് ചികിത്സയും ഉറപ്പാക്കുക എന്നതും. ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍, സുരക്ഷാ ഉപകരണങ്ങള്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയെല്ലാം വര്‍ധിപ്പിച്ചു. മൂന്നാം തരംഗത്തെ നേരിടുന്നതിനും നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചു. മൂന്നാം തരംഗം ഉണ്ടായാല്‍ അത് ഏറെ ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതാണ് കാരണം. അതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചുവരുന്നു. ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേക പ്രാധാന്യം നല്‍കിവരുന്നു. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്. 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം നിര്‍മിക്കുന്നതിനുള്ള സംവിധാനം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ ക്ഷാമമെന്ന തരത്തിലുള്ള വ്യാജപ്രചാരണവും നടക്കുന്നുണ്ട്. 54 ശതമാനത്തോളം ഐസിയുവും 73 ശതമാനത്തോളം വെന്റിലേറ്ററും ഒഴിവുണ്ട്.
രോഗികളുടെ എണ്ണം എന്തുകൊണ്ട് ഉയരുന്നു
കേരളത്തില്‍ രണ്ടാം തരംഗത്തിലെ രോഗവ്യാപനം ഡെല്‍റ്റാ വകഭേദത്തിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ 10 ശതമാനത്തിലധികം ജനിതക ശ്രേണീകരണത്തിന് വിധേയമാക്കിയുള്ള സാമ്ബിള്‍ കേരളത്തില്‍ നിന്നുള്ളവയാണ്. ജനിതക ശ്രേണീകരണം നടത്തുന്നതിന് സംസ്ഥാനമത്രയും പ്രാധാന്യം കൊടുക്കുന്നു. ഓരോ ആഴ്ചയും തെരഞ്ഞെടുത്ത സാമ്ബിള്‍ ജനിതക ശ്രേണീകരണ പഠനത്തിന് വിധേയമാക്കുന്നു.
ജീനോം സര്‍വയലന്‍സ് ഡല്‍ഹിയില്‍ ഐജിഐബിയിലും സ്‌പൈക്ക് പ്രോട്ടീന്‍ സാമ്ബിള്‍ ആര്‍ജിസിബി തിരുവനന്തപുരത്തും കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെയും സഹായത്തോടെ നിര്‍വഹിക്കപ്പെടുന്നുണ്ട്. പരിശോധിച്ച സാമ്ബിളില്‍ 95 ശതമാനം ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടെത്തി. ഡെല്‍റ്റ വകഭേദം അതിതീവ്ര വ്യാപനശേഷിയുള്ളതാണ്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം രാജ്യത്തെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനമായ കേരളത്തില്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. (കേരളത്തിന്റെ ജനസാന്ദ്രത 859 ആളുകള്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍. ദേശീയ ശരാശരി 430 ആളുകള്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍). പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് വെല്ലുവിളി തീര്‍ക്കുന്ന ചില കാര്യംകൂടിയുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളാണ് 60 ശതമാനം എന്നുള്ളതാണ് അതിലൊന്ന്. കരുതല്‍ ആവശ്യമുള്ള 60 വയസ്സിന് മുകളിലുള്ളവരുടെ പ്രാതിനിധ്യവും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ആദ്യഘട്ടംമുതല്‍ കേരളം പരിശ്രമിച്ചത് രോഗത്തെ പിടിച്ചുനിര്‍ത്താനാണ്. പരമാവധി നിയന്ത്രിച്ച്‌ രോഗ വ്യാപനത്തെ ചെറുക്കുക എന്നുള്ളതാണ് നമ്മുടെ തന്ത്രം. ഡിലേ ദ പീക്ക് ഡ്രാഗ് ദ വേവ് എന്നൊക്കെ ഈ തന്ത്രത്തെ വിശേഷിപ്പിക്കാം.
സെപ്തംബര്‍ അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിനെങ്കിലും നല്‍കുന്നതിനായി 1.11 കോടി ഡോസ് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിനുവേണ്ടിയുള്ള മാര്‍ഗനിര്‍ദേശം ജൂണില്‍ത്തന്നെ ആരോഗ്യ വകുപ്പ് പുറത്തിറക്കി. 60 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനും കിടപ്പുരോഗികള്‍ക്ക് ആദ്യ ഡോസ് എടുക്കുന്നതിനും പ്രത്യേക യജ്ഞങ്ങള്‍ നടപ്പാക്കി. വൈറസ് മറ്റൊരാളില്‍നിന്ന് നമ്മിലേക്കും മറ്റൊരാളിലേക്കും പകരില്ലെന്ന് ഏറ്റവും നന്നായി ഉറപ്പുവരുത്താന്‍ കഴിയുന്നത് അവരവര്‍ക്ക് തന്നെയാണ്. ഓര്‍ക്കുക കോവിഡിനെതിരെ നമ്മുടെ പ്രതിരോധമാണ് നമ്മുടെ ആരോഗ്യം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായാണ് പ്രതിരോധം തീര്‍ത്തത്. ഇനിയും എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണം.

Post a Comment