സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം തിരക്കാനും ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയാനും പിങ്ക് ജനമൈത്രി എന്ന പൊലീസ് സംഘം വീടുകളിലെത്തുന്ന കേരളത്തിലാണ് മൂന്നാംക്ലാസുകാരിയായ കുഞ്ഞിനെയും പിതാവിനെയും നടുറോഡില്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയത്കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നിയോഗിച്ചസംഘമാണ് പിങ്ക് പൊലീസ്. ശീതീകരിച്ച കാറില്‍ നഗരങ്ങള്‍ ചുറ്റുന്നതും ഇടയ്ക്കിടെ സദാചാര പൊലീസ് കളിക്കുന്നതുമല്ലാതെ പിങ്ക് പൊലീസിനെക്കൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കാര്യമായ ഗുണമില്ലാതായിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് യൂണിഫോമില്‍ പോലും എത്തരുതെന്നും അവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ചട്ടമുള്ള നാട്ടിലാണ്, ആ കുഞ്ഞിനെ ഒരു പൊലീസുദ്യോഗസ്ഥ നടുറോഡില്‍ വിചാരണ ചെയ്ത് കള്ളിയാക്കാന്‍ ശ്രമിച്ചത്. കണ്ടുനിന്നവരിലൊരാള്‍ ഈ വിചാരണ ഫോണില്‍ ചിത്രീകരിച്ചിരുന്നില്ലെങ്കില്‍ ആ കുഞ്ഞിന്റെ പിതാവ് അന്നുതന്നെ ജയിലിലായേനെ. മോഷണത്തിനു പുറമെ പൊലീസിന്റെ കര്‍ത്തവ്യനിര്‍വഹണം തടഞ്ഞെന്ന കുറ്റം കൂടി ചാര്‍ത്തിക്കൊടുത്തേനെ. ഇതാദ്യമല്ല പിങ്ക് പൊലീസിന്റെ തനിനിറം വെളിച്ചത്താവുന്നത്. നാലുവര്‍ഷം മുന്‍പ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു പിങ്ക് പൊലീസിന്റെ സദാചാര പൊലീസിംഗ്. പിങ്ക് പൊലീസിന്റെ സദാചാര പൊലീസിംഗ് നേരിട്ട യുവാവും യുവതിയും പിങ്ക് പൊലീസിന്റെ നടപടികള്‍ ഫേസ്ബുക്കില്‍ ലൈവിട്ടതോടെയാണ് കള്ളക്കളി വെളിച്ചത്തായത്. ശ്രീകാര്യം സ്വദേശികളായ വിഷ്ണുവിനും ആതിരയ്ക്കുമാണ് പിങ്ക് പൊലീസിന്റെ സദാചാരവേട്ട നേരിടേണ്ടിവന്നത്. വിവാഹം നിശ്ചയിച്ചുറപ്പിച്ച ഇവര്‍ ഇവിടെ ഒന്നിച്ചിരുന്നതിനെ പൊലീസ് ചോദ്യം ചെയ്തു മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതാണു വിവാദമായത്. മ്യൂസിയം സ്റ്റേഷനിലെ രണ്ട് പിങ്ക് പൊലീസുകാരെത്തി അവിടെ ഇരിക്കാന്‍ പാടില്ലെന്നു പറഞ്ഞശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്താണ് തങ്ങള്‍ ചെയ്ത കു​റ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് സംഭവം ഫേസ്ബുക്ക് ലൈവായി പുറത്തുവിട്ടു. ആഴ്ചകള്‍ക്കു ശേഷം വിഷ്ണുവും ആതിരയും ഒരുമിച്ചുള്ള പുതുജീവിതത്തിനു തുടക്കമിട്ടു. ലളിതമായ ചടങ്ങുകള്‍ക്കു ശേഷം കൂട്ടുകാര്‍ക്കൊപ്പം കനകക്കുന്നിലെത്തി കേക്ക് മുറിച്ചാണ് പിങ്ക് പൊലീസിന്റെ സദാചാര വേട്ടയ്ക്കെതിരെ ഇവര്‍ പ്രതികരിച്ചത്.

തിരക്കുള്ള സ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ തുടര്‍ച്ചയായ പട്രോളിംഗ് നടത്തേണ്ടതാണെങ്കിലും അവിടെയെങ്ങും പിങ്ക് പൊലീസിന്റെ പൊടിപോലുമുണ്ടാവില്ല. സന്ധ്യാസമയത്ത് പി.എസ്.സി ആസ്ഥാനത്തിനു മുന്നിലെ ഇരുളില്‍ നിരവധി സ്ത്രീകള്‍ ബസ് കാത്തുനില്‍ക്കുമ്ബോള്‍ മീറ്ററുകള്‍ക്ക് അപ്പുറം എല്‍.ഐ.സിക്കു മുന്നില്‍ കാര്‍ നിറുത്തിയിട്ട് അതിനുള്ളിലിരുന്ന് ഫോണില്‍ സിനിമ കാണുകയാവും പിങ്ക് പൊലീസ്. നൂറുകണക്കിന് യുവതികള്‍ രാത്രിജോലി കഴിഞ്ഞിറങ്ങുന്ന ടെക്നോപാര്‍ക്കിന്റെ പരിസരത്തെങ്ങും പിങ്ക് പൊലീസിനെ കാണാനുണ്ടാവില്ല. എസ്കോര്‍ട്ടും ഗണ്‍മാനുമില്ലാതെ തിരുവനന്തപുരം നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങിയ ഐ.പി.എസുകാരി ആക്രമിക്കപ്പെട്ടത് അടുത്തിടെയാണ്. കോവളം കാണാനെത്തിയ ലാറ്റ്‌വിയന്‍ യുവതിക്ക് ചതുപ്പിലെ വള്ളിപ്പടര്‍പ്പില്‍ ജീവന്‍ തന്നെ നഷ്ടമായി. കൊച്ചിയിലെ തിരക്കേറിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതാവുന്നു. സംസ്ഥാനത്തെ സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കുപോലും ധൈര്യമായി തനിച്ചു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവിടുത്തെ സ്ത്രീസുരക്ഷയെന്ന് നമ്മള്‍ മറക്കരുത്.

രാജ്യത്ത് ഒന്നാം നിരയിലുള്ല കേരളാ പൊലീസിന് പിങ്ക് പൊലീസ് പോലൊരു വിഭാഗം അഭിമാനമാവേണ്ടതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന 'പിങ്ക് പൊലീസ് പട്രോള്‍' എല്ലാ നഗരങ്ങളിലുമുണ്ട്. ഒരു വനിതാ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ നാല് വനിതാ പൊലീസുദ്യോഗസ്ഥരാണ് ഒരു പിങ്ക് പട്രോള്‍ വാഹനത്തില്‍ ഉള്ളത്. ജി.പി.എസ്, കാമറ സംവിധാനം അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യ സന്ദര്‍ഭങ്ങളിലും, അടിയന്തര ഘട്ടത്തിലും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. 2016 ആഗസ്​റ്റിലാണ് പിങ്ക് പൊലീസ് ആരംഭിച്ചത്. പോക്‌സോ ഉള്‍പ്പെടെയുള്ള 200 ഓളം കേസുകള്‍ പിങ്ക് പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലം കണ്ടെത്തിയിട്ടുണ്ടെന്നതും നല്ലകാര്യം. ഈ മികവുകളെല്ലാം ഇല്ലാതാക്കുന്നതാണ് പിങ്ക് പൊലീസിലെ ഏതാനും പേരുടെ സദാചാര വേട്ടയും പരസ്യവിചാരണയും.

പിങ്ക് പൊലീസില്‍ പദ്ധതിപ്രളയം

സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങളടക്കം തടയാനും നിരവധി പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടുകളാണ് പൊലീസിനുള്ളത്. അനില്‍കാന്ത് ഡിജിപിയായ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പുതുക്കിയ പദ്ധതികളെല്ലാം ഉദ്ഘാടനം ചെയ്തത്. ഇവയാണ് പദ്ധതികള്‍-

പിങ്ക് പട്രോള്‍

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് പിങ്ക് പട്രോള്‍ ശക്തിപ്പെടുത്തുന്നത്. ജി.പി.എസ്, കാമറാ സൗകര്യമുള്ള കാറുകളിലാണ് നാല് വനിതാപൊലീസുകാരുടെ പട്രോള്‍. കാറില്‍ നിന്ന് പകര്‍ത്തുന്ന വീഡിയോ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പിങ്ക് പട്രോളുണ്ടാവും. 1515 നമ്ബറില്‍ വിളിച്ച്‌ സഹായം തേടിയാല്‍ പിങ്ക് പട്രോള്‍ വാഹനം കുതിച്ചെത്തും.

#പിങ്ക് ജനമൈത്രി ബീറ്റ്

ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയാനാണ് പിങ്ക് ജനമൈത്രി ബീ​റ്റ്. വീടുകളിലെത്തി ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

#പിങ്ക് കണ്‍ട്രോള്‍ റൂം

സ്ത്രീകളുടെയും കുട്ടികളുടെയും അടിയന്തരസഹായം തേടിയുള്ള ഫോണ്‍വിളികള്‍ കൈകാര്യം ചെയ്യാനാണ് പിങ്ക് കണ്‍ട്രോള്‍ റൂം. നിലവില്‍ 14പൊലീസ് ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂമുണ്ട്.

#പിങ്ക് ഷാഡോ

സ്ത്രീകളുടെ സാന്നിദ്ധ്യമുള്ല സ്ഥലങ്ങളില്‍, വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാവും പിങ്ക് ഷാഡോ പട്രോളിംഗ് നടത്തുക. തിരക്കുള്ല സ്ഥലത്ത് മഫ്തിയില്‍ ഷാഡോ സംഘത്തെ നിയോഗിക്കും. ബസ് സ്റ്റോപ്പുകള്‍, സ്കൂളുകള്‍ എന്നിവയുടെ പരിസരത്തും ഷാഡോ സംഘമുണ്ടാവും.

# പിങ്ക് റോമിയോ

വനിതാ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംവിധാനമാണിത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും ബീറ്റ് പട്രോളിനും ഇതുപകരിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ എല്ലാ ജില്ലകളിലും പിങ്ക് റോമിയോകളെ നിയോഗിക്കും.

# പിങ്ക് ഡിജിറ്റല്‍ ഡ്രൈവ്

സാമൂഹ്യമാദ്ധ്യമങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും സ്ത്രീകളെ അപമാനിക്കുന്നത് തടയാനുള്ള സംവിധാനമാണിത്. സൈബര്‍സെല്‍, സൈബര്‍ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഇതിനായി ഡിജിറ്റല്‍ പട്രോളിംഗ് നടത്തും. വെബ്സൈറ്റുകളിലും സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകളിലും പേജുകളിലും ഈ പട്രോളുണ്ടാവും. കുറ്റക്കാര്‍ക്കെതിരെ ഐ.ടി നിയമപ്രകാരമുള്ള നടപടികളുണ്ടാവും.

#വനിതാ സെല്‍, കൗണ്‍സലിംഗ് സെന്റര്‍

എല്ലാ പൊലീസ് ജില്ലകളിലുമുള്ള വനിതാ സെല്ലുകളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ സജ്ജമാക്കും. സാമൂഹ്യക്ഷേമ വകുപ്പ്, എന്‍.ജി.ഒകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ല കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കും. കുടുംബപ്രശ്നങ്ങള്‍ക്ക് ആദ്യ തലത്തിലുള്ള പരിഹാര കേന്ദ്രമായി ഈ കൗണ്‍സലിംഗ് സെന്ററുകള്‍ മാറും.

#പൊല്‍ ആപ്പ്

സ്ത്രീസുരക്ഷയ്ക്കായി പൊലീസ് നിര്‍ഭയം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആപ്പിലെ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തിയാല്‍ പൊലീസ് സഹായം ലഭ്യമാവും. പൊലീസിന്റെ പൊല്‍- ആപ്പിലും ഈ സൗകര്യമുണ്ട്.

# പിങ്ക് ഹോട്ട് സ്പോട്ട്, ക്രൈം മാപ്പിംഗ്

സ്ത്രീകള്‍ക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന ഹോട്ട് സ്പോട്ടുകള്‍ സംസ്ഥാന ക്രൈംറെക്കാര്‍ഡ്സ് ബ്യൂറോ എസ്.പി കണ്ടെത്തും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ബലാത്സംഗം എന്നിങ്ങനെ കേസുകള്‍ കൂടുന്ന സ്ഥലങ്ങളാവും കണ്ടെത്തുക.

Post a Comment