കോഴിക്കോട്: കോടഞ്ചേരിയില്‍ ലോറിയില്‍ കയറ്റിയ വൈക്കോല്‍ കെട്ടിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. വയനാട്ടില്‍ നിന്ന് വൈക്കോലുമായി എത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്.വൈദ്യുത കമ്ബിയില്‍ തട്ടിയാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.
r>
കോടഞ്ചേരി ടൗണിനോട് 200 മീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവര്‍ ടൗണില്‍ തന്നെ വണ്ടി നിര്‍ത്തി ഓടിരക്ഷപ്പെട്ടു. സംഭവം കണ്ടു നിന്ന നാട്ടുകാരനായ ഷാജി ലോറിയില്‍ ചാടിക്കയറുകയും വാഹനം തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേയ്‌ക്ക് ഓടിച്ച്‌ കയറ്റുകയും ചെയ്തു. ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ച വാഹനം ചുറ്റിക്കറക്കിയതോടെ തീപിടിച്ച വൈക്കോല്‍ കെട്ടുകളെല്ലാം ഗ്രൗണ്ടില്‍ വീണു വന്‍ അപകടം ഒഴിവായി.

പിന്നീട് നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോല്‍ കെട്ടുകള്‍ മാറ്റി. മുക്കത്ത് നിന്ന് അഗ്നിശമന സേന എത്തി തീ പെട്ടെന്ന് അണച്ചു. ഇതോടെ ലോറിയിലേയ്‌ക്ക് തീപടര്‍ന്നില്ല.

Post a Comment