മോസ്‌കോ: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സൈനിക നേതൃത്വത്തിന് റഷന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ നല്‍കിയ നിര്‍ദ്ദേശം യുക്രൈനെ ചര്‍ച്ചയ്ക്കു സന്നദ്ധമാക്കാനുള്ള സമ്മര്‍ദ തന്ത്രമാണെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.എങ്ങനെയും യുക്രൈനെ വരുതിയില്‍ നിര്‍ത്തുക എന്ന തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്.

ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് യുക്രൈന്‍ അറിയിച്ചത്, പുടിന്റെ ഈ ഭീഷണി മൂലമാണെന്നും അവര്‍ കരുതുന്നു.
എങ്കിലും കേവലം സമ്മര്‍ദ തന്ത്രം എന്നു പൂര്‍ണമായും തള്ളിക്കളയാനാവില്ല, പുടിന്റെ ആണവ ഭീഷണിയെ എന്നു കരുതുന്നവരുമുണ്ട്. പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും അതീതനായാണ് പുടിന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

പുടിന്റെ ആണവ യുദ്ധ ഭീഷണി ലോകത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്നതിനു പ്രധാന കാരണം റഷ്യ കൂട്ടിവച്ചിരിക്കുന്ന വലിയ ആണവായുധ ശേഖരം തന്നെ. ഫെഡറേഷന്‍ ഒഫ് അമേരിക്കന്‍ സയിന്റിസ്റ്റിന്റെ കണക്ക് അനുസരിച്ച്‌ റഷ്യയുടെ പക്കല്‍ 5977 ആണവായുധങ്ങളുണ്ട്. ലോകത്ത് മറ്റേതൊരു രാജ്യത്തും ഉള്ളതിനേക്കാള്‍ കൂടുതലാണിത്. ഫെഡറേഷന്റെ കണക്കില്‍ യുഎസിന്റെ പക്കല്‍ ഉള്ളത് 5428 ആണവായുധങ്ങളാണ്. ഈ രണ്ടു രാജ്യങ്ങളുടെയും അടുത്തെങ്ങും എത്താത്ത വിധം ശുഷ്‌കമാണ് ശേഷിച്ച രാജ്യങ്ങളുടെ ആണവായുധ ശേഷി.

ചൈനയുടെ പക്കല്‍ 350ഉം ഫ്രാന്‍സിന്റെ കൈവശം 290ഉം ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ബ്രിട്ടനാണ് പട്ടികയില്‍ അടുത്തത്. അവരുടെ പക്കില്‍ 225 ആണവ ആയുധങ്ങളാണുള്ളത്. ഇതിനു പിന്നില്‍ പാക്കിസ്ഥാന്‍-165. ഇന്ത്യയുടെ പക്കില്‍ 160 ആണവ ആയുധങ്ങളുണ്ടെന്നാണ് ഫെഡറേഷന്‍ കണക്കുകുട്ടുന്നത്. ഇസ്രയേലിന്റെ പക്കല്‍ 90ഉം നോര്‍ത്തുകൊറിയയുടെ പക്കില്‍ 20 ആണവ ആയുധങ്ങളണ്ടെന്നാണ് കണക്ക്.

അതിനിടെ യുക്രെയിനെതിരായ റഷ്യന്‍ ആക്രമണം അഞ്ചാം ദിവസവും തുടരുന്നതിനിടെ നിര്‍ണായകമായ ഭരണഘടന ഭേദഗതിയുമായി അയല്‍ രാജ്യമായ ബെലറൂസ്. ആണവായുധങ്ങള്‍ രാജ്യത്ത് സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബെലറൂസ് തിരക്കിട്ട് പാസാക്കിയത്. യുക്രെയിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ബലാറസിന്റെ നീക്കം. ബലാറസിലൂടെ റഷ്യന്‍ സേന യുക്രെയിനിലേക്ക് പ്രവേശിക്കുന്നുണ്ട്. യുക്രെയിനെ ആക്രമിക്കാന്‍ ബെലറൂസിന്റെ മണ്ണ് റഷ്യ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ നിഴല്‍ പോലെ പ്രവര്‍ത്തിക്കുന്ന ബെലറൂസ് ആണവ ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതി പാസാക്കിയത് മേഖലയില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.

ബെലാറൂസ് അതിര്‍ത്തിയില്‍നിന്നുള്ള മിസൈല്‍ പരിധിയിയില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവും ഉള്‍പ്പെടും. ആണവ പ്രതിരോധ സേനയെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്താന്‍ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. യുക്രെയ്‌നിലെ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. അതേസമയം, ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ റഷ്യന്‍യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

ബെലറൂസില്‍ റഷ്യന്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതിക്ക് ഹിത പരിശോധനയില്‍ 70 ശതമാനത്തോളം വോട്ട് ലഭിച്ചുവെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണഘടന ഭേദഗതിക്ക് 50 ശതമാനത്തിലധികം വോട്ടാണ് വേണ്ടത്. ബെലറൂസില്‍ 1994 മുതല്‍ അധികാരത്തില്‍ തുടരുന്ന അലക്‌സാണ്ടര്‍ ലുകാഷെങ്കോക്ക് 2036 വരെ തുടരാനുള്ള ഭരണഘടനാ ഭേദഗതിയും ഇതോടൊപ്പാ പാസാക്കിയിട്ടുണ്ട്. അതേസമയം, യുക്രെയിന്‍ ആക്രമണത്തിനും ഭരണഘടനാ ഭേദഗതിക്കും എതിരായി ബെലറൂസില്‍ പ്രതിഷേധം കനക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുക്രെയിന്‍ പതാകകളുമായി തെരുവിലറങ്ങിയ 500 ഓളം ആളുകളെ ബെലറൂസ് തടവിലാക്കിയിരുന്നു.

Stories you may Like

Post a Comment