v>തൃശൂര്‍ പുറ്റേക്കരയില്‍ യുവഎന്‍ജിനീയറെ കൊന്ന സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണം. തൃശൂര്‍ പുറ്റേക്കര സ്വദേശി അരുണ്‍ലാലും പ‍ടിഞ്ഞാറെകോട്ട സ്വദേശിയായ ടിനുവും സുഹൃത്തുക്കളായിരുന്നു. ദിവസവും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവര്‍. ടിനു ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഇരുവരും വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന വഴിയില്‍ സ്ഥിരമായി നടന്നു പോകാറുള്ള പെണ്‍കുട്ടി ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെണ്‍കുട്ടി ഗൗനിക്കാറില്ല.ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. ടിനുവിന്റെ മനസില്‍ അരുണിനോട് പക തോന്നിയിരുന്നു. അങ്ങനെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് ബാറിലിരുന്ന് മദ്യപിച്ചു. അരുണിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിടാമെന്ന് ടിനു പറഞ്ഞു. അങ്ങനെ, പുറ്റേക്കരയിലെ വീട്ടിലേക്ക് യാത്രതിരിച്ചു. ഇടവഴിയില്‍ എത്തിയപ്പോള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. ബിയര്‍ കുപ്പിക്കൊണ്ട് മുഖത്തിടിച്ചു. നിലത്തിട്ടു ചവിട്ടി. മരിച്ചെന്ന് കരുതി സ്ഥലംവിട്ടു. പക്ഷേ, അരുണ്‍ലാലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് രണ്ടു മണിക്കൂറിനു ശേഷമാണ് മരണം. സമീപത്തെ സിസിടിവി കാമറയില്‍ ടിനുവിന്റെ ബൈക്ക് കടന്നുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. അങ്ങനെയാണ്, തിരിച്ചറിഞ്ഞത്. രണ്ടു പേര്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിട്ടുമുണ്ട്. പേരാമംഗലം പൊലീസും കമ്മിഷണറുടെ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടിയത്.

Post a Comment