800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തിന്റെ ആരോഗ്യ പരിരക്ഷ മേഖലയില്‍ മാത്രമല്ല, ടൂറിസം മേഖലയിലും നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് പറയുന്നു കെ.ഇ.എഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്. 'കേരളം ഇതുവരെ ശീലിച്ചുപോന്ന സുഖാരോഗ്യ സങ്കല്‍പത്തില്‍ നിന്നും ഏറെ വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമാണ് ഞങ്ങള്‍ ഒരുക്കുന്നത്. ആരോഗ്യ പരിരക്ഷ രീതികള്‍ സംയോജിതമായും സമഗ്രമായും നടപ്പാക്കുകയാണ് ചെയ്യുന്നത്. ആയുര്‍വേദം പോലുള്ള ചികിത്സരീതികള്‍ മാത്രം പിന്തുടരുന്ന ആരോഗ്യ പരിരക്ഷ കേന്ദ്രങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. ആയുര്‍വേദം, ടിബറ്റന്‍ സുഖചികിത്സ, പ്രകൃതി ചികിത്സ തുടങ്ങിയവയുടെയൊക്കെ സംയോജിത രീതിയാണ് ഇവിടെ നല്‍കുന്നത്. മൈത്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും അത്യാധുനിക ചികിത്സരീതികളുടെയും സേവനവും ലഭ്യമാക്കും' -ഫൈസല്‍ പറയുന്നു.
പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ ആരംഭിക്കും. 2023 മാര്‍ച്ചില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. 'ഇവിടെയെത്തുന്നവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും സമഗ്ര സുഖാരോഗ്യം ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അവരുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. കോവിഡും പ്രളയവുമൊക്കെ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ, പ്രത്യേകിച്ച് മലബാര്‍ മേഖലയുടെ ടൂറിസം വികസനത്തെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. പ്രതിദിനം 100 വിദേശ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്' -ഫൈസല്‍ പറയുന്നു.
കാര്‍ബണ്‍ പുറന്തള്ളലില്ല, പ്രതിവര്‍ഷം നാലുകോടി ലിറ്റര്‍ വെള്ളം
പൂര്‍ണമായും സുസ്ഥിര ഊര്‍ജം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി ആവശ്യങ്ങള്‍ക്കായി സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ഇ.പി.എസ് പാനലുകള്‍ (expandable polystyrene panels) ആണ്. ഒരുകോടി ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന മഴവെള്ളസംഭരണികളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം നാലുകോടി ലിറ്റര്‍ വെള്ളമാണ് സംഭരിക്കാന്‍ കഴിയുക. ഒരുകോടി ലിറ്റര്‍ വെള്ളം എല്ലായ്പ്പോഴും സൂക്ഷിക്കുകയും ബാക്കി ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഓര്‍ഗാനിക് ഫാമിലെ ജലസേചനത്തിനും ഉപയോഗിക്കുകയും ചെയ്യും. പ്രദേശത്തെ നീരുറവകളും അത് ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ അളവും കണ്ടെത്തി സന്തുലിതമായി നിലനിര്‍ത്തുന്ന അക്വിഫെര്‍ സംവിധാനത്തിലൂടെയാണ് ജലസംഭരണം ആസൂത്രണം ചെയ്തിരിക്കുന്നത്. വന്‍തോതില്‍ ജലം സംഭരിക്കാന്‍ കഴിയുന്നത് ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ സമീപ പ്രദേശത്തെ ജലക്ഷാമത്തിനും ഇത് പരിഹാരമാകും.
'പദ്ധതിയുടെ ഭാഗമായ ഓര്‍ഗാനിക് ഫാം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടുത്തെ ഉല്‍പന്നങ്ങള്‍ കോഴിക്കോട്ടെ വിപണിയിലേക്കാണ് നല്‍കുന്നത്. റിസോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ ജൈവ ഉല്‍പന്നങ്ങള്‍ ഇവിടുത്തെ ആവശ്യങ്ങള്‍ക്ക് മാത്രമായിട്ടാണ് എടുക്കുക' -ഫൈസല്‍ പറയുന്നു.
'ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സമഗ്ര പരിരക്ഷയാണ് സുഖാരോഗ്യത്തിലൂടെ സമ്മാനിക്കുന്നത്. പ്രവൃത്തി, ചിന്തകള്‍, വികാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ജീവിതത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരവും മനസ്സും ആരോഗ്യപ്രദമായിരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്' -കെ.ഇ.എഫ് ഹോള്‍ഡിങ്സ് വൈസ് ചെയര്‍പേഴ്സണ്‍ ഷബാന ഫൈസല്‍ വ്യക്തമാക്കി.
ആരോഗ്യ പരിചരണമടക്കമുള്ള മേഖലകളില്‍ 400 തൊഴിലവസരങ്ങളും പദ്ധതി തുറന്നിടുന്നു. 'ആരോഗ്യ പരിരക്ഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പരിഷ്കരണങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് നടക്കാവ് സ്കൂള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ വികസനവും മലബാര്‍ മേഖലയില്‍ അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ നടപ്പാക്കലുമെല്ലാം ഞങ്ങള്‍ ഏറ്റെടുത്തത് ഇതിന്റെ ഭാഗമായിട്ടാണ്. ഈ ലക്ഷ്യത്തിലേക്കുള്ള പുതിയ സംരംഭമാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്' -ഫൈസല്‍ കൊട്ടിക്കോളന് പറയുന്നു.
Post a Comment