തൃക്കാക്കരയില്‍ ആര് ജയിക്കും ? പരസ്യപ്രചരണം അവസാനിച്ചതു മുതല്‍, രാഷ്ട്രീയ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയാണത്.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്ബോള്‍, ഒരു കാര്യം വ്യക്തമാവുകയാണ്. അതായത് അടി ഒഴുക്കുകള്‍ ശക്തമാണ് എന്നു വ്യക്തം. മൂന്നു മുന്നണികളും സര്‍വ്വ ശക്തിയുമെടുത്ത് പോരാടുന്ന ഉപതിരഞ്ഞെടുപ്പില്‍, മത്സരിച്ചാല്‍, കഴിഞ്ഞ തവണ നേടിയ വോട്ടുകളുടെ പകുതി പോലും നേടാന്‍ കഴിയില്ലന്ന തിരിച്ചറിവാണ്, ട്വന്റി ട്വന്റിയുടെ പിന്മാറ്റത്തിനു കാരണമെന്നതും, ഇതോടെ വ്യക്തമായിരിക്കുകയാണ്. ട്വന്റി ട്വന്റി കഴിഞ്ഞ തവണ പിടിച്ച വോട്ടുകള്‍ ഇത്തവണ, മൂന്നു മുന്നണികളിലേക്കുമായി ഭിന്നിച്ചു പോകാനാണ് സാധ്യത. പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും, ഒരു പ്രവചനം അസാധ്യം തന്നെയാണ്. 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍, 95,274 പുരുഷ വോട്ടര്‍മാരും, 1,01,530 വനിതാ വോട്ടര്‍മാരുമാണുള്ളത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും മണ്ഡലത്തിലുണ്ട്. 222 പ്രവാസി വോട്ടര്‍മാരില്‍ 167 പുരുഷന്‍മാരും, 55 സ്ത്രീകളുമാണുള്ളത്. മണ്ഡലത്തിലുള്ള സര്‍വീസ് വോട്ടുകളുടെ എണ്ണം 83 ആണ്, ഇതില്‍ 69 പുരുഷന്മാരും 14 സ്ത്രീകളുമാണുള്ളത്.


2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 1,94,031 വോട്ടര്‍മാരില്‍ 1,34,422 പേരാണ് തൃക്കാക്കരയില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 94,025 പുരുഷ വോട്ടര്‍മാരില്‍ 67,965 പേരും, 1,00,005 സ്ത്രീ വോട്ടര്‍മാരില്‍, 66,457 പേരുമാണ് അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ആകെ പോളിംഗ് 69.28 ശതമാനമായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74.47 ശതമാനമായിരുന്നു പോളിംഗ്. 1,34,814 വോട്ടാണ് രേഖപ്പെടുത്തിയത്. 67,406 പുരുഷന്‍മാരും 67,408 സ്ത്രീകളും വോട്ട് ചെയ്തു.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍, മണ്ഡലത്തില്‍ 68,475 പുരുഷന്മാരും 68,937 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ, 1,37,413 പേരാണ് വോട്ട് ചെയ്തിരുന്നത്. 76.06 ശതമാനമായിരുന്നു പോളിംഗ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, 61,058 പുരുഷന്മാരും 59,344 സ്ത്രീകളും ഉള്‍പ്പെടെയുള്ള 1,20,402 പേരും വോട്ട് ചെയ്തു. പോളിംഗ് 72.3 ശതമാനം. ആകെ വോട്ടര്‍മാര്‍ 1,66,530 പേരാണ് ഉണ്ടായിരുന്നത്.


തൃക്കാക്കരയുടെ ചരിത്രമെടുത്താല്‍, അത് യു.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍, ഉപതിരഞ്ഞെടുപ്പുകള്‍, എക്കാലത്തും സ്വന്തം കോട്ടകള്‍ നഷ്ടപ്പെടുത്തിയ ചരിത്രവും ആ മുന്നണിക്കുണ്ട്. പി.ടി ജനകീയനായ നേതാവായിരുന്നു. അതു കൊണ്ടാണ്, അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ട് ട്വന്റി ട്വന്റിസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോഴും, അദ്ദേഹം ജയിച്ചു കയറിയിരുന്നത്. 13, 897 വോട്ടുകളാണ് ആ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി പിടിച്ചിരുന്നത്. ഈ വോട്ടുകളില്‍ ഭൂരിപക്ഷവും, കോണ്‍ഗ്രസ്സിനു ലഭിക്കേണ്ട വോട്ടുകള്‍ തന്നെ ആയിരുന്നു. ഈ കണക്കുകള്‍ മുന്‍നിര്‍ത്തി കൂടിയാണ്, ഇത്തവണ തങ്ങള്‍ വിജയിക്കുമെന്ന് യു.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നത്. പി.ടിയുടെ ഭാര്യ എന്നത് ഉമയ്ക്ക് നേട്ടമാകുമെന്ന് തന്നെയാണ് അവരുടെ കണക്കു കൂട്ടല്‍.


 ഇതു പോലെ തന്നെ, കഴിഞ്ഞ തവണ, തങ്ങള്‍ക്കു കിട്ടേണ്ട മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്തിട്ടില്ലന്ന അഭിപ്രായം, ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമുണ്ട്. ഇത്തവണ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതിനാല്‍, വോട്ടുകള്‍ വര്‍ദ്ധിക്കുമെന്നതാണ് ഈ പാര്‍ട്ടികളുടെയും പ്രതീക്ഷ.


ഇടതുപക്ഷം വികസനവും, യു.ഡി.എഫ് സഹതാപ തരംഗവും ലക്ഷ്യമിട്ട് നടത്തിയ പ്രചരണം, അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ വഴിമാറി, മറ്റൊരു ഘട്ടത്തിലേക്കാണ് എത്തിചേര്‍ന്നിരിക്കുന്നത്. ഇതില്‍ പ്രധാനം, പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും, തുടര്‍ന്നു നടന്ന അറസ്റ്റുമാണ്. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍, ഒരു കുട്ടി വിളിച്ച പ്രകോപന മുദ്രാവാക്യം പ്രകംബനം കൊള്ളിച്ചതും, തൃക്കാക്കരെയെ ആണ്. ഇതെല്ലാം മുതലാക്കാനാണ് ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നത്. സമാപന ദിവസത്തെ, പി.സി ജോര്‍ജിന്റെ സാന്നിധ്യം, ബി.ജെ.പിക്ക് ഗുണം ചെയ്താല്‍, അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യു.ഡി.എഫ് വോട്ട് ബാങ്കിനെ ആയിരിക്കും. ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍, സി.പി.എമ്മിനും സി.പി.ഐക്കും തങ്ങളുടെ വോട്ട് ബാങ്കിന്റെ കരുത്തില്‍ ഉറച്ച വിശ്വാസമുണ്ട്. കേരള കോണ്‍ഗ്രസ്സ് സാന്നിധ്യവും, ഇടതു പ്രതീക്ഷയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ, പ്രചരിച്ച വ്യാജ വീഡിയോ വിവാദത്തിലും ഇടതുപക്ഷം നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ , കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്.


തൃക്കാക്കരയിലെ, 21,000-ല്‍ അധികം വരുന്ന മുസ്ലിം വോട്ടുകള്‍, ഇത്തവണ ഏറെ നിര്‍ണ്ണായകമാണ്. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ ശക്തമായ വിയോജിപ്പുള്ള ഈ വിഭാഗം, സംഘടിതമായി വോട്ട് ചെയ്താല്‍, അത് വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് സാധ്യമാവുക. പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തതു തന്നെ, ഈ വോട്ടുകള്‍ മുന്നില്‍ കണ്ടാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എക്സ്പ്രസ്സ് കേരളയ്ക്കു നല്‍കിയ പ്രതികരണത്തില്‍, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസും ഇക്കാര്യം തന്നെയാണ് ചൂണ്ടിക്കാണിച്ചിരുന്നത്. യു.ഡി.എഫ് ക്യാംപിനെ ആശങ്കയിലാഴ്ത്തുന്ന പ്രതികരണമാണിത്. യു.ഡി.എഫ് എളുപ്പത്തില്‍ വിജയിക്കേണ്ട മണ്ഡലത്തെ, പ്രവചനാതീതമാക്കിയതില്‍, മുഖ്യമന്ത്രി പിണറായി വിജയനും…പി.സി ജോര്‍ജിനുമാണ് വലിയ പങ്കുള്ളത്.


മുഖ്യമന്ത്രി നേരിട്ടാണ് മണ്ഡലത്തില്‍ തമ്ബടിച്ചിരുന്നത്. മന്ത്രിമാരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍, സജീവമായി രംഗത്തുണ്ടായിരുന്നു. സര്‍വ്വ ശക്തിയുമെടുത്ത് ഇടതുപക്ഷം രംഗത്തിറങ്ങിയപ്പോള്‍, പാര്‍ട്ടി എം.പിമാരെയും എം.എല്‍.എമാരെയും സജീവമാക്കി നിര്‍ത്തിയാണ് യു.ഡി.എഫ് പ്രതിരോധിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ് പ്രധാനമായും, യു.ഡി.എഫ് ക്യാംപിനെ നയിച്ചിരുന്നത്. ഉമ തോമസ് ജയിച്ചാലും തോറ്റാലും, അതിന്റെ ഉത്തരവാദിത്വം സതീശനാകുമെന്നതും ഉറപ്പ്. ബി.ജെ.പി പ്രചരണത്തില്‍, പി.സി ജോര്‍ജിനു പുറമെ ഏറെ തിളങ്ങി നിന്നത്, നടന്‍ സുരേഷ് ഗോപിയാണ്. അദേഹത്തിന്‍്റെ പ്രചരണത്തിലും വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായിരുന്നത്. 22, 000 ത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ തവണ പക്ഷേ, ഇത്രയും വോട്ടുകള്‍ അവരുടെ പെട്ടിയില്‍ വീണിരുന്നില്ല. സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനായതിനാല്‍, ഇത്തവണ പാര്‍ട്ടി വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്യപ്പെടുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.


ക്രൈസ്തവ വോട്ടുകളിലെ ഒരു പങ്കും, അവരിപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ബി.ജെ.പി കൂടുതല്‍ വോട്ടുകള്‍ നേടുകയും, മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും ചെയ്താല്‍, അത് തൃക്കാക്കരയുടെ രാഷ്ട്രീയ ചിത്രത്തെയാണ് മാറ്റിമറിക്കുക. ഇവിടെയാണ്, ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും വര്‍ദ്ധിക്കുന്നത്. ഹൈന്ദവ , ക്രൈസ്തവ വോട്ടുകള്‍ക്ക് പുറമെ, മുസ്ലീം ജനവിഭാഗത്തി ന്റെ വോട്ടുകളും, വലിയ രൂപത്തില്‍ ശേഖരിക്കാന്‍ കൊല്‍പ്പുള്ള മുന്നണികളാണ്, ഇടതുപക്ഷവും യു.ഡി.എഫും. കഴിഞ്ഞ കാലങ്ങളില്‍ ഈ പിന്തുണ തൃക്കാക്കരയില്‍ കൂടുതലും ലഭിച്ചിരുന്നത് യു.ഡി.എഫിനാണ്. അത് നഷ്ടമാകില്ലന്ന്, അവര്‍ ഉറച്ചു വിശ്വസിക്കുമ്ബോള്‍, ഇത്തവണ വലിയ രാഷ്ട്രീയ അട്ടിമറിയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. അത് സംഭവിച്ചാല്‍, കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെയാണ് മാറുക. അക്കാര്യവും, ഉറപ്പാണ് . . .




Post a Comment