വീടുകളില്‍ ബാത്റൂം എന്നത് ആഡംബരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗൃഹത്തിനുള്ളിലെ ബാത്റൂമിനെ പറ്റി വാസ്തുശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നില്ല.


എങ്കിലും ആധുനിക ജീവിതത്തില്‍ ഇത് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ്. ഇക്കാലത്ത് ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരംതിരിച്ച്‌ വീട്ടിലെ ഏറ്റവും ആര്‍ഭാടം നിറഞ്ഞ ഭാഗമായി ബാത്റൂം മാറിയിട്ടുണ്ട്.


വീടിന്റെ നാല് മൂലകളിലും വരാന്‍ പാടില്ല എന്നുള്ളതാണ് ബാത്റൂം നിര്‍മിക്കുമ്ബോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. സ്ഥലപരിമിതി കാരണം മൂലകളില്‍ ബാത്റൂം സ്ഥാപിക്കണമെന്നുണ്ടെങ്കില്‍ കോണ്‍ ഭാഗത്തുനിന്ന് അല്പം സ്ഥലം വിട്ടോ ഡ്രസിംഗ് ഏരിയ തിരിച്ചോ പണിയാം. വടക്കോട്ടോ തെക്കോട്ടോ തിരിഞ്ഞിരിക്കാവുന്ന രീതിയിലാവണം ക്ലോസെറ്റിന്റെ സ്ഥാനം. ബാത്റൂമിലെ കണ്ണാടി ഒരിക്കലും വടക്കോട്ടു തിരിഞ്ഞാവരുത്. ബാത്റൂമിന്റെ നാലുചുവരുകളില്‍ ഒരെണ്ണം വീടിന്റെ പുറംഭിത്തി ആയിരിക്കണം. ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവുമുണ്ടായിരിക്കണം. കഴിവതും ബാത്റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ ഏറ്റവുമധികം നെഗറ്റീവ് ഊര്‍ജം ഉണ്ടാവാന്‍ സാദ്ധ്യതയുള്ള സ്ഥലമാണ് ബാത്റൂം അതിനാല്‍ തേച്ചുകഴുകി അണുനാശിനി തളിച്ച്‌ വൃത്തിയായി സൂക്ഷിക്കണം. ബാത്‌റൂമില്‍ പോസിറ്റീവ് ഊര്‍ജം നിലനിര്‍ത്താന്‍ ഒരു ബൗളില്‍ കുറച്ച്‌ ഉപ്പുകല്ല് നനവുതട്ടാത്ത രീതിയില്‍ വയ്ക്കണം. ഉപ്പ് അലുത്തുകഴിഞ്ഞാല്‍ മാറ്റി നിറയ്ക്കാനും മറക്കരുത്.


വീടിന്റെ ദര്‍ശനം ഏതു ഭാഗത്തേക്കാണോ അതിന്റെ എതിര്‍വശത്ത് വീടിന്റെ മദ്ധ്യഭാഗത്തായി ബാത്റൂം വരാന്‍ പാടില്ല. അതായത് വടക്കോട്ടു ദര്‍ശനമുള്ള വീടിന്റെ തെക്കുഭാഗത്ത് മദ്ധ്യത്തിലായി ബാത്റൂം പണിയരുത്. ഭവനത്തിലെ ധനാഗമനത്തെ ബാധിക്കുന്നതിനാല്‍ കഴിവതും ബാത്റൂമിലെ എണ്ണം മൂന്നില്‍ കൂടരുത്. ബാത്റൂമിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കുകളുടെ സ്ഥാനവും വളരെയധികം ശ്രദ്ധിക്കണം. ഭവനത്തിന്റെ നാല് മൂലകളും മദ്ധ്യഭാഗങ്ങളും തെക്കുവശവും ഒഴിച്ച്‌ മറ്റുഭാഗങ്ങളില്‍ സ്ഥാനം നല്‍കാം. വീടിനോടു ചേര്‍ന്നുള്ള കാര്‍പോര്‍ച്ചിനടിയിലും മറ്റും സെപ്റ്റിക് ടാങ്ക് നല്‍കാതിരിക്കുക. വടക്കു പടിഞ്ഞാറേ മൂലയില്‍ നിന്ന് പടിഞ്ഞാറോട്ടു മാറി സെപ്റ്റിക് ടാങ്ക് നല്കുന്നതാണ് ഏറ്റവും ഉത്തമം.

Post a Comment