ഇടുക്കി: പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ പീഡനത്തിനിരയായ പതിനഞ്ചുകാരിയും കുടുംബവും കേരളത്തില്‍ എത്തിയത് രണ്ടാഴ്ച മുന്‍പ്.
ജോലിയും വരുമാനവുമില്ലാതെ കടുത്ത ദാരിദ്ര്യം മൂലമാണ് മകളുടെ പഠനം പോലും ഉപേക്ഷിച്ച് ബംഗാളില്‍ നിന്ന് ദമ്ബതികള്‍ കേരളത്തിലേക്ക് വന്നത്. ബംഗാളില്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവര്‍ ഏലത്തോട്ടത്തില്‍ ജോലി ശരിയാക്കിയത്.
മകളെ ഇവിടെ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാമെന്നും ഏജന്റ് പറഞ്ഞിരുന്നു. ഞായറാഴ്ച പുറത്തു പോയ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പൊലീസ് എത്തി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇനി എത്രയും വേഗം പെണ്‍കുട്ടിയുമായി സ്വദേശത്തേക്ക് മടങ്ങാനാണ് മാതാപിതാക്കളുടെ ആലോചന. ബംഗാള്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ തേയിലത്തോട്ടത്തില്‍ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ പൂപ്പാറ സ്വദേശികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബംഗാള്‍ സ്വദേശികളായ 2 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച വൈകിട്ട് ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പം പൂപ്പാറയിലെത്തിയതാണു പെണ്‍കുട്ടി. പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെ ഏലത്തോട്ടത്തിലെ തൊഴിലാളികളായ 4 പേര്‍ വളഞ്ഞെന്നു പൊലീസ് പറഞ്ഞു. പിന്നീട് സുഹൃത്തിനെ അടിച്ചോടിച്ച ശേഷം പെണ്‍കുട്ടിയെ തേയിലക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ എത്തിയതോടെ പ്രതികള്‍ ഓടിക്കളഞ്ഞു. പൊലീസെത്തി പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പീഡനത്തിന് ഇരയായതായി ഡോക്ടര്‍ അറിയിച്ചു. പൊലീസ് പെണ്‍കുട്ടിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുന്നിലെത്തിച്ചു മൊഴിയെടുത്തു.
Post a Comment