കൊച്ചി: കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവി കോടതിയില്‍ ഉന്നയിച്ച വാദം തനിക്ക് മാനസിക രോഗമാണെന്നും ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നുമാണ്.സൈക്കോ തെറാപ്പി ചികിത്സ നടക്കുകയാണെന്നും മരുന്ന് മുടങ്ങിയതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും ശ്രീജിത്ത് രവി ജാമ്യപേക്ഷയില്‍ വാദിച്ചു. രോഗം മാത്രമാണ് കാരണമെന്ന വാദം തള്ളിക്കൊണ്ടാണ് നടനെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങളില്‍ രോഗമാണോ വ്യക്തിയാണോ കുറ്റവാളി എന്ന ചോദ്യമുയര്‍ന്നു. വ്യത്യസ്ത അഭിപ്രായങ്ങളുമായി പലരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നുണ്ട്.

ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസിക വൈകല്യമുള്ള ഒരാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മനോരോഗ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുറ്റകൃത്യം ചെയ്തയാള്‍ക്ക് രോഗിയെന്ന പരിഗണന നല്‍കണോ? നിയമത്തിന്റെ ആനുകൂല്യങ്ങള്‍ അത്തരക്കാര്‍ക്ക് ലഭ്യമാണോ? ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗിയായ ഒരാള്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ ഇത് മാത്രമാണോ? തുടങ്ങിയ കാര്യങ്ങളില്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ദ്ധ എല്‍സി ഉമ്മന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

മനോരോഗ വിദഗ്ദ്ധയുടെ മറുപടി

'ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നതൊരു മാനസിക രോഗമാണ്. അതില്‍ ഉന്മാദ അവസ്ഥയില്‍ എത്തുമ്ബോള്‍ ലൈംഗിക ഉത്തേജനം കൂടും. പ്രായ ഭേദമന്യേ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ചില കാര്യങ്ങള്‍ പുറത്തുവരാനും പ്രകടിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. ലൈംഗിക വൈരുധ്യ സ്വഭാവങ്ങള്‍ അല്ലെങ്കില്‍ വ്യക്തിത്വ വൈകല്യങ്ങള്‍, ഇതിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തികള്‍ മനുഷ്യര്‍ക്കിടയില്‍ കാണാന്‍ സാധ്യമാണ്. ഇതൊന്നും നിയമത്തിന്റെ മുന്‍പില്‍ വിഷമയല്ല. മനോരോഗമുണ്ടെന്ന കാരണത്താല്‍ നിയമത്തിന്റെ പേരില്‍ യാതൊരു ആനുകൂല്യവും ലഭിക്കുകയില്ല. മറ്റുള്ളവരെപ്പോലെ ഇവരും ശിക്ഷയ്ക്ക് അര്‍ഹരാണ്. ഡോക്ടറുടെ സര്‍റ്റിഫിക്കറ്റ് കാണിച്ചാലോ മറ്റും ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കില്ലെന്നത് മനസിലാക്കേണ്ടതാണ്. പലപ്പോഴും പലരും രോഗമില്ലാത്തവര്‍ പോലും പെട്ടെന്ന് ഡോക്ടറുമാരകുടെ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച്‌ നിയമത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കാറുണ്ട്.

ചികിത്സിച്ചാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുന്ന രോഗമാണ് ബൈപോളാര്‍. നേരെമറിച്ച്‌ വ്യക്തിത്വ വൈകല്യം, ലൈംഗിക വൈകൃത സ്വഭാവങ്ങള്‍ തുടങ്ങിയവയാണെങ്കില്‍ ബൈപോളാര്‍ രോഗത്തെക്കാള്‍ ചികിത്സിച്ച്‌ മാറ്റാന്‍ ബുദ്ധിമുട്ടായിരിക്കും. ബൈപോളാര്‍ നിയന്ത്രിച്ച്‌ കൊണ്ടുപോകാന്‍ കഴിയുന്നതാണ്. നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കും. പക്ഷേ അവര്‍ ഇത് മാത്രമല്ല കാണിക്കുന്നത്. അവരുടെ സംസാരം വളരെ കൂടുതലായിരിക്കും. സാധാരണയില്‍ കവിഞ്ഞ് ചിന്തകളും സങ്കല്‍പ്പങ്ങളും കൂടുതലായിരിക്കും. അനിയന്ത്രിതമായി സംസാരിക്കും. ആത്മവിശ്വാസം വളരെയധികം കൂടുതലായിരിക്കും. ഉറക്കമില്ലായ്മയുണ്ടാകും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ക്ഷീണം ഉണ്ടാകില്ല. അമിത വിശപ്പ് ഉണ്ടാകും, അക്രമാസക്തരാകും. ഇവരുടെ ചിന്തകളും ബാക്കി സ്വഭാവരീതികളും ഒത്തുപോയാലെ ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണെന്ന് പറയാന്‍ സാധിക്കൂ. ഈ ഒരു വിഷയം മാത്രം എടുത്ത് മാനിയ ആണെന്ന് പറയാന്‍ കഴിയില്ല. ഇത്തരം ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ തന്നെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു ക്രൈം ചെയ്യുന്ന അവസരത്തില്‍ അവരുടെ മനോനില എങ്ങനെയിരുന്നു, പ്രവര്‍ത്തി തെറ്റാമെന്ന തിരിച്ചറിവ് ഉണ്ടായിരുന്നുവെങ്കില്‍ എത്ര കഠിന മനോരോഗിയാണെങ്കിലും ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കില്ല. സാധാരണ ഗതിയില്‍ വളരെ മൂര്‍ച്ഛിച്ച ഛിത്തഭ്രമം പോലുള്ള ഗുരുതര മനോരോഗത്തില്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത അവസ്ഥയിലുള്ള ഒരു കുറ്റകൃത്യത്തിന് മാത്രമേ ഇത്തരത്തില്‍ ഒരു വാദം ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. മറിച്ചുള്ളതൊക്കെ പ്രതിയെ രക്ഷപ്പെടുത്താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന വാദമായേ കാണാന്‍ സാധിക്കൂ. ഇത്തരം വൈകൃത സ്വഭാവം ഉള്ളവര്‍ അമ്ബത് ശതമാനത്തിലധികം ആളുകളും മുഖം മൂടിയണിഞ്ഞ് ഇരിക്കുന്നവരാണ്. സാഹചര്യം അനുകൂലമായി വരുമ്ബോള്‍ മാത്രമേ അവര്‍ യഥാര്‍ത്ഥ സ്വഭാവം കാണിക്കുകയുള്ളൂ'

Stoty Highlights; Psychiatrist about Bipolar disorder on Sreejith Ravi's case

Post a Comment