ഗ്രീഷ്മയും ഷാരോൺ രാജും താലികെട്ടുന്ന ദിവസത്തെ വിഡിയോ പുറത്ത്. ഇന്നു നമ്മുടെ കല്യാണമാണെന്നു ഷാരോൺ പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഒക്ടോബർ14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്ന് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.

മേയിൽ ചിത്രീകരിച്ച വിഡിയോയാണ് ഷാരോണിന്റെ ബന്ധുക്കൾ പുറത്തുവിട്ടത്. ഷാരോണിന്റെ വീട്ടിൽവച്ചാണ് താലി കെട്ടിയത്. തന്റെ ആദ്യ ഭർത്താവ് മരിച്ചു പോകുമെന്ന് ജാതകത്തിലുള്ളതായി ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതു വിശ്വസിക്കാത്ത ഷാരോൺ, മരിക്കുന്നെങ്കിൽ താൻ മരിക്കട്ടെ എന്നു പറഞ്ഞ് താലികെട്ടുകയായിരുന്നു.
<
div>
ഇതിനുശേഷം ദിവസവും നെറ്റിയില്‍ കുങ്കുമം ഇട്ട ഫോട്ടോ ഗ്രീഷ്മ ഷാരോണിന് അയച്ചു കൊടുത്തു. ഷാരോൺ ഗുരുതരാവസ്ഥയിൽ കഴിയവേ കഷായത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുവിനോട്, താലികെട്ടി കുങ്കുമം ചാർത്തിയ ആളിനോട് അങ്ങനെ ചെയ്യുമോ എന്നാണ് ഗ്രീഷ്മ ചോദിച്ചത്.

മറ്റൊരു യുവാവുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഷാരോൺ മരിച്ചു കഴിഞ്ഞാൽ, നിശ്ചയിച്ച കല്യാണം നടക്കുമെന്ന വിശ്വാസത്തിലാണ് ജാതകകഥ പറഞ്ഞ് താലികെട്ടിയതെന്നു ബന്ധുക്കൾ പറയുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ ഗ്രീഷ്മ ഇതേക്കുറിച്ച് കൃത്യമായ മറുപടി പറഞ്ഞില്ല. ഗ്രീഷ്മയും അമ്മയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോയും പുറത്തു വന്നു.

ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നാണ് ഗ്രീഷ്മയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നത്. ഈ ഓഡിയോ ഗ്രീഷ്മ ഷാരോണിന് അയച്ചുകൊടുത്തിരുന്നു. കുടുംബം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് ഓഡിയോയെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ സംശയിക്കുന്നത്.

Post a Comment