<
br>
ഇലന്തൂര്‍ നരബലി കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകീട്ട് 2 മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനൊടുവിലാണ് കൊല്ലപ്പെട്ട പത്മത്തിന്റെ 39 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പത്മത്തെ കൊലപ്പെടുത്തിയ ശേഷം ഷാഫി ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ ഗാന്ധി നഗറിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് ഒരു ലക്ഷത്തിപ്പതിനായിരം രൂപ വാങ്ങിയിരുന്നു. സ്വര്‍ണത്തിന്മേല്‍ ഷാഫിക്ക് എത്ര രൂപ നല്‍കി, എത്ര ഗ്രാം സ്വര്‍ണം ഷാഫി പണയം വെച്ചു എന്നീ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഒപ്പം ഇതിനു മുമ്ബ് ഷാഫി ഈ ധനകാര്യ സ്ഥാപനത്തില്‍ നടത്തിയ പണമിടപാടും അന്വേഷണ സംഘം പരിശോധിച്ചു. സ്‌കോര്‍പിയോ വിറ്റുവെന്ന് പറഞ്ഞ് 40000 രൂപ വീട്ടില്‍ നല്‍കിയെന്നാണ് ഷാഫിയുടെ ഭാര്യ നേരത്തേ പൊലീസിന് മൊഴി നല്‍കിയത്. അതിനാല്‍ ബാക്കി തുകയെ സംബന്ധിച്ചും ഷാഫി മറുപടി പറയേണ്ടി വരും.
പത്മത്തെ കെട്ടിയിടാന്‍ ഉപയോഗിച്ച കയറും മൃതദേഹങ്ങള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തികളും വാങ്ങിയ കടകളില്‍ ഭഗവല്‍ സിങിനെ എത്തിച്ചുള്ള തെളിവെടുപ്പാണ് ഇനി ഇലന്തൂരില്‍ നടക്കാനുള്ളത്. ഇതിനായി ഭഗവല്‍ സിങിനെ വീണ്ടും ഇലന്തുരിലെത്തിക്കും. ഒപ്പം കേസില്‍ ഫോറന്‍സിക് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പ്രതികളുടെ വൈദ്യ പരിശോധന ഫലവും ഉടനെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച പ്രതികളില്‍ നിന്നും ഡി എന്‍ എ പരിശോധനകള്‍ക്കായി ശരീര സ്രവങ്ങളും, രക്തസാമ്ബിളുകളും ശേഖരിച്ചിരുന്നു. ലൈംഗിക വൈകൃതത്തിനടിമയാണ് ഷാഫി എന്നതില്‍ ശാസ്ത്രീയ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വലിയ പൊലീസ് സുരക്ഷയിലായിരിക്കും ഷാഫിയെയും കൊണ്ടുളള ഇന്നത്തെയും തെളിവെടുപ്പ്.

Post a Comment