നഴ്സുമാർക്ക് പ്രിയം

യു.കെ.
കാനഡ
അയർലൻഡ്
ഓസ്ട്രേലിയ
ന്യൂസീലൻഡ്
ഒരുദിവസത്തെ ജോലി ഒരു മാസത്തെ ശമ്പളം
ഇരുപത്തിനാലു മണിക്കൂർ ജോലിചെയ്താലും മാസാവസാനം കേരളത്തിലെ നഴ്സുമാർക്ക് കിട്ടുന്നത് പരമാവധി 25,000 രൂപ. എന്നാൽ, പല വിദേശരാജ്യങ്ങളിലും വേണമെങ്കിൽ ഈ പണം ഒറ്റദിവസത്തെ ജോലിയിൽനിന്ന് കിട്ടും. കാനഡയിൽ ഒരു മണിക്കൂർ ജോലിചെയ്താൽ നഴ്സിന് 55 ഡോളറാണ് ശമ്പളം. നാട്ടിലെ 3000 രൂപ. ഇങ്ങനെ മാസം രണ്ടുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ സമ്പാദിക്കുന്നവരുണ്ട്. മാസം 30-40 മണിക്കൂർ മാത്രം ജോലിചെയ്താൽ മതി. മികച്ച ശമ്പളത്തിനു പുറമേ കുറഞ്ഞ ജോലി സമ്മർദവും ഒന്നരവർഷംവരെ ശമ്പളത്തോടു കൂടിയ പ്രസവാവധിയും.
2024-ൽ ലക്ഷം അവസരങ്ങൾ
കോവിഡനന്തരം വിദേശ രാജ്യങ്ങൾ പലരും നഴ്സുമാരുടെ എണ്ണം വർധിപ്പിച്ചു. യു.കെ.യിലേക്കാണ് ഏറ്റവും കൂടുതൽ നഴ്സുമാർ പറക്കുന്നത്. 2024 ആകുമ്പോഴേക്കും യു.കെ.യ്ക്ക് 50,000 നഴ്സുമാരെ ആവശ്യമുണ്ടെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്.) സൂചിപ്പിക്കുന്നത്. ജർമനി-രണ്ടരലക്ഷം, കാനഡ-50,000, ജപ്പാൻ -40000, ഓസ്ട്രേലിയ-35000, ഫിൻലൻഡ്‌-15000 എന്നിങ്ങനെ നഴ്സുമാരെ ആവശ്യമായിവരും. പ്രവൃത്തിപരിചയംപോലും ആവശ്യപ്പെടാതെയാണ് മിക്ക രാജ്യങ്ങളും ഇവരെ റിക്രൂട്ട് ചെയ്യുന്നത്.

നഴ്സിനെക്കാത്ത് ആറുമണിക്കൂർ
കിഡ്നി സംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കായംകുളം സ്വദേശിയായ മുപ്പതുകാരൻ നഴ്സിനെ കാത്തിരുന്നത് നീണ്ട ആറുമണിക്കൂറാണ്. വൈകിയതിനെക്കുറിച്ചന്വേഷിച്ചപ്പോൾ, പരാതിപ്പെടരുത്, എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലെന്നായിരുന്നു മറുപടി. ആശുപത്രിയിൽ മുതിർന്ന നഴ്സുമാർ ആരുമില്ലെന്നും സങ്കടപ്പെട്ടു.

പരിചയസമ്പത്തുള്ള നഴ്സുമാരുടെ അഭാവംകാരണം കേരളത്തിലെ പല ആശുപത്രികളിലും ദിവസേന പല രോഗികളും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ടാകും. അത്തരം വാർത്തകൾ പുറം ലോകത്തെത്തുന്നില്ലെന്നും മാത്രം.

വിദേശവിദ്യാർഥികളെ ആകർഷിക്കണം
ഒട്ടുമിക്ക രാജ്യങ്ങളിലും വിദ്യാഭ്യാസാവശ്യങ്ങൾക്കായി പുറത്തേക്കുപോകുന്നവരുടെ അഭാവം നികത്തുംവിധം മറ്റുരാജ്യങ്ങളിൽനിന്നുള്ളവരുടെ വരവ്‌ സമതുലനാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിൽ കേരളത്തിൽ അതുണ്ടാവുന്നില്ല. ചൈനയിലെ വിവിധ സർവകലാശാലകളിലേക്ക് പഠനാവശ്യത്തിനായി ഓരോ വർഷവുമെത്തുന്ന വിദേശവിദ്യാർഥികളുടെ എണ്ണം പുറത്തേക്കുപോകുന്നവരുടെ എണ്ണത്തിന്റെ പകുതിയിലേറെയാണ്. അതുകൊണ്ട് ഇത്തരം രാജ്യങ്ങൾക്കൊന്നും വിദ്യാർഥികുടിയേറ്റം സാമ്പത്തികച്ചോർച്ചയുണ്ടാക്കുന്നില്ല. കേരളത്തിലേക്ക് വിദ്യാർഥികുടിയേറ്റം ഉണ്ടാകുന്നില്ല.

മസ്തിഷ്കചോർച്ച
വിദഗ്ധരായ ആളുകൾ കൂട്ടത്തോടെ മറ്റൊരുരാജ്യത്തേക്ക് പോകുമ്പോൾ, മാതൃരാജ്യത്തിനുണ്ടാകുന്ന ബൗദ്ധികമായ നഷ്ടമാണ്‌ മസ്തിഷ്കച്ചോർച്ച അഥവാ ബ്രെയ്ൻ ഡ്രെയ്ൻ.

നഴ്സുമാരുടെ അവസരം തടയരുത്
നഴ്സുമാരോട് വിദേശത്തേക്ക് പോകരുതെന്ന് പറയുന്നതിൽ ഒരു അർഥവുമില്ല. കാരണം കേരളത്തിൽ ഇപ്പോഴുള്ള ശമ്പളവും ആനുകൂല്യങ്ങളും പോലും നേടിയെടുക്കാൻ ഒട്ടേറെ സമരങ്ങൾ അവർക്ക് നടത്തേണ്ടിവന്നിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ അന്തരീക്ഷവും ഒരുക്കുക എന്നതാണ് മാനേജ്മെന്റും സർക്കാരും ചെയ്യേണ്ടത്. കേരളത്തിലെ നഴ്സിങ് സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ വിദ്യാർഥികൾക്ക് അവസരം സൃഷ്ടിക്കുകയും വേണം.
- ജിതിൻ ലോഹി, ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.)

വേതനം വർധിപ്പിക്കാൻ പരിമിതിയുണ്ട്
കേരളത്തിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. വിദേശരാജ്യങ്ങൾ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യുമ്പോൾ പലരും രാജ്യം വിടുന്നു. അതിന്റെ പേരിൽ നഴ്സുമാരെ കുറ്റംപറയാൻ സാധിക്കില്ല. എന്നാൽ, വിദേശ രാജ്യങ്ങളെപ്പോലെ ശമ്പളം കൂട്ടുകയെന്നത് ഇവിടെ പ്രായോഗികവുമല്ല. പരിചയസമ്പന്നരായ നഴ്സുമാരുടെ വലിയ ക്ഷാമം കേരളത്തിലുണ്ട്. ഇത് പരിഹരിക്കാൻ സ്വകാര്യ മേഖലയിലെ ആശുപത്രികൾക്ക് സാധിക്കില്ല. എം.ബി.ബി.എസ്. സീറ്റുകൾ കുറച്ച് നഴ്സിങ് സീറ്റുകൾ വർധിപ്പിക്കാൻ നടപടിയുണ്ടാവണം.
- ഡോ. സുൽഫി നൂഹ്, സംസ്ഥാന പ്രസിഡന്റ്, ഐ.എം.എ.

യുവാക്കളുടെ ആവശ്യങ്ങൾക്കും ­അഭിലാഷങ്ങൾക്കുമനുസരിച്ച് പുതിയ കേരളാമോഡൽ തീർക്കേണ്ട സമയമാണിത്. ­മാറ്റംവേണ്ടത് വിദ്യാഭ്യാസരംഗത്തുമാത്രമോ? അതിനെക്കുറിച്ച് അടുത്ത ലക്കം

Post a Comment