ഉഡുപ്പി കക്കുഞ്ചെയിലെ ഭണ്ഡാരി-സുശീല ദമ്ബതികളുടെ മകള്‍ സൗമ്യശ്രീ (28)യെ അലവൂര്‍ രാംപുര സ്വദേശി സന്ദേശ് കുലാല്‍(28) ആണ് കൊലപ്പെടുത്തിയത്. സൗമ്യശ്രീയെ കഠാര കൊണ്ട് കുത്തിയ ശേഷം സന്ദേശ് കുലാല്‍ ആത്മഹത്യ ചെയ്യാനായി സ്വന്തം കഴുത്തുമുറിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഉഡുപ്പി സന്തേകാട്ടെ പെട്രോള്‍ പമ്ബിന് സമീപമാണ് സംഭവം.
സൗമ്യശ്രീ സന്തേകാട്ടിലെ ഒരു ദേശസാത്കൃത ബാങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. സന്ദേശ് കുലാല്‍ നഗരത്തിലെ ഒരു മെഡിക്കല്‍ ഷോപ്പിലെ കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററും. സന്ദേശ് കുലാലും സൗമ്യശ്രീയും എട്ടുവര്‍ഷത്തോളമായി പ്രണയത്തിലാണ്. സൗമ്യശ്രീയുടെ രണ്ട് സഹോദരന്മാര്‍ വിദേശത്ത് ജോലി ചെയ്യുന്നു. പിതാവ് രോഗബാധിതനായി കിടപ്പിലാണ്. ഇരുവരും വ്യത്യസ്ത ജാതികളില്‍പ്പെട്ടവരായതുകൊണ്ട് ഈ പ്രണയത്തെ സൗമ്യശ്രീയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഒടുവില്‍ വീട്ടുകാരുടെ സമ്മര്‍ദത്തിന് വഴങ്ങി മൂഡ്ബിദ്രിയിലെ ഒരു യുവാവിനെ വിവാഹം ചെയ്യാന്‍ സൗമ്യശ്രീ സമ്മതിക്കുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. ഈ വിവരമറിഞ്ഞ സന്ദേശ് സൗമ്യശ്രീയുമായി വഴക്കിടുന്നത് പതിവായി.
തിങ്കളാഴ്ച വൈകുന്നേരം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യശ്രീയെ മോട്ടോര്‍ ബൈക്കിലെത്തിയ സന്ദേശ് ദേശീയപാതയില്‍ തടഞ്ഞു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്, സന്ദേശ് തന്റെ ബാഗില്‍ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുക്കുകയും സൗമ്യശ്രീയെ കുത്തുകയും ചെയ്തു. തുടര്‍ന്ന് അതേ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്ത് മുറിച്ചു.
സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും മണിപ്പാലിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വയറിന് ആഴത്തിലുള്ള കുത്തേറ്റ യുവതി ആദ്യം മരിച്ചു.
ഇന്ന് (ചൊവ്വ) പുലര്‍ച്ചെ സന്ദേശും മരണത്തിന് കീഴടങ്ങി.
പൊലീസ് ഇരുവരുടെയും ഇരുചക്രവാഹനങ്ങള്‍, ബാഗ്, കത്തി എന്നിവ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന്‍, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കുമാര്‍ ചന്ദ്ര, ഉഡുപ്പി ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.
Post a Comment