വല്ലച്ചിറ ഗ്രാമത്തിലെ മുപ്പത്തിമൂന്നുകാരനായ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ വൈറലാണ്. കാരണമെന്തന്നല്ലേ, വധുവിനെ ആവശ്യപ്പെട്ട് തട്ടുകടയില്‍ ഒരു ബോര്‍ഡു വച്ചു കക്ഷി.അതു വാര്‍ത്തയായതോടെ ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണിന് വിശ്രമമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളാണ് ഫോണിന്റെ അങ്ങെതലയ്ക്കല്‍. ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും വരെ കല്യാണ ആലോചനകള്‍ എത്തി.

ഒരു പാട് സ്ഥലങ്ങളില്‍ നിന്ന് ആലോചനകള്‍ വരുന്നുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇറ്റലിയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വിളി വന്നു. ഇറ്റലിയില്‍നിന്ന് ആശംസകള്‍ അറിയിക്കാനാണ് വിളിച്ചത്. ഓസ്‌ട്രേലിയ സ്വദേശിയായ യുവതി വിവാഹാലോചനയുമായാണ് വിളിച്ചത്. പോസ്റ്റ് കണ്ടപ്പോള്‍ ഒരു മലയാളിയെക്കൊണ്ട് വിളിപ്പിച്ചതാണ്. ഓസ്‌ട്രേലിയയില്‍ താമസമാക്കാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിച്ചു. അവരോട് അറിയിക്കാമെന്ന് പറഞ്ഞെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പെണ്ണുകാണല്‍ ചടങ്ങിനു വരാന്‍ നിരവധി പേര്‍ വിളിച്ചു. ഇവിടെയെല്ലാം പോകണമെങ്കില്‍ ഒരു മാസം തട്ടുക്കട അടച്ചിടേണ്ടി വരുമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

കുറച്ചുക്കാലം മുമ്ബ് ശാരീരകമായ അസുഖം ബാധിച്ചിരുന്നു. അന്ന്, വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ, അസുഖമെല്ലാം ഭേദമായി തട്ടുക്കടയും ലോട്ടറിക്കടയും തുടങ്ങി. ബന്ധുക്കളും നാട്ടുകാരും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പല രീതിയില്‍ കല്യാണ ആലോചന നടത്തിയിട്ടും ഒന്നും ഒത്തുവന്നുമില്ല. അങ്ങനെയാണ്, കടയില്‍തന്നെ ബോര്‍ഡ് തൂക്കിയത്. 'ജീവിത പങ്കാളിയെ തേടുന്നു.(ജാതി മത ഭേദമന്യേ) ഫോണ്‍ നമ്ബര്‍..' ഈ വാചകം പ്രിന്റ് എടുത്ത് കടയില്‍ തൂക്കുകയായിരുന്നു. ഇതു വാര്‍ത്തയായി. ബോബി ചെമ്മണ്ണൂര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഫെസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ സമൂഹമാധ്യമങ്ങളിലും ഉണ്ണികൃഷ്ണന്റെ ബോര്‍ഡ് വൈറലാവുകയായിരുന്നു.

Post a Comment