കൊല്‍ക്കത്ത: ഇറ്റാലിയന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതു കേന്ദ്രസര്‍ക്കാരിനു തന്നോടുള്ള അസൂയമൂലമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. റോമില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സര്‍വമത സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതില്‍ പ്രകോപിതയായിട്ടായിരുന്നു മമതയുടെ പ്രതികരണം.
റോം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാത്തലിക് ഫൗണ്ടേഷനാണ് ദ്വിദിന സമ്മേളനത്തിന്റെ സംഘാടകര്‍. ഫ്രാന്‍സിസ് മാര്‍പാപ്പ, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം മത, രാഷ്‌ട്രീയ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
റോമില്‍ ലോകസമാധാനത്തെക്കുറിച്ച് ഒരു യോഗം ഉണ്ടായിരുന്നു. അവിടേക്ക് എനിക്ക് ക്ഷണമുണ്ട്. പങ്കെടുക്കാന്‍ ഇറ്റലി പ്രത്യേക അനുമതിയും നല്‍കിയിരുന്നു. എന്നിട്ടും കേന്ദ്രം അനുമതി നിഷേധിച്ചു. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച സമ്മേളനമല്ല എന്നാണ് അവര്‍ കാരണമായി പറഞ്ഞത്- മമതാ ബാനര്‍ജി പറഞ്ഞു.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന ആളല്ല ഞാന്‍. ഇത് രാജ്യത്തിനുള്ള ആദരമായിരുന്നു. നിങ്ങള്‍ (പ്രധാനമന്ത്രി മോദി) ഹിന്ദുക്കളെക്കുറിച്ച് എല്ലായ്‌പ്പോഴും വാചാലനാകുന്നു. ഞാനും ഒരു ഹിന്ദു സ്‌ത്രീയാണ്. എനിക്ക് എന്താണ് നിങ്ങള്‍ അനുമതി നല്‍കാതിരുന്നത്? നിങ്ങള്‍ക്ക് എന്നോട് അസൂയയാണ്- മമത പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെയോ യു.എസ് സര്‍ക്കാരിന്റെയോ അംഗീകാരമില്ലാത്ത കൊവാക്സിന്‍ എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെ യു.എസ് യാത്ര നടത്തിയെന്നും മമത ചോദിച്ചു.
Post a Comment