ലണ്ടൻ: ഇന്ധനക്ഷാമം അനുഭവിക്കുന്ന രാജ്യത്തു പട്ടാളത്തെ ഇറക്കി യുകെ. ബ്രെക്സിറ്റ് നടപ്പായതു മുതൽ ആരംഭിച്ച ഹെവി ഗുഡ്സ് വെഹിക്കിൾ (എച്ച്ജിവി) ഡ്രൈവർമാരുടെ ദൗർലഭ്യം കോവിഡ് സാഹചര്യത്തിൽ വർധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇന്ധനം സ്റ്റോക്കുള്ള പമ്പുകളിലാണു സൈന്യത്തെ കാവൽ നിർത്തിയതെന്നു സർക്കാർ അറിയിച്ചു.
അപ്രതീക്ഷിത ക്ഷാമം കാരണം പെട്രോളും ഡീസലും കിട്ടാതെ ബ്രിട്ടിഷുകാർ ദിവസങ്ങളായി വലയുകയാണെന്നാണു റിപ്പോർട്ടുകൾ. ഏതാനും പമ്പുകൾ മാത്രമാണു പല നഗരങ്ങളിലും പ്രവർത്തിക്കുന്നത്. ഇവയ്ക്കു മുന്നിൽ മണിക്കൂറുകൾ നീളുന്ന ക്യൂവാണ്.
ഇന്ധനം കിട്ടില്ലെന്നു ഭയന്ന് ആളുകൾ കൂടുതൽ വാങ്ങി സംഭരിക്കുന്നതു തടയുക, പമ്പ് കാലിയാകാതെ നോക്കുക, ആൾക്കൂട്ടം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കുക എന്നിവയാണു സൈന്യത്തിന്റെ ചുമതല. ചെറിയൊരു വിഭാഗം ഡ്രൈവർമാർ ജോലിക്കു സന്നദ്ധമായിട്ടുണ്ട്. ഇവരെ രംഗത്തിറക്കുന്നതോടെ ഇന്ധനവിതരണ ശൃംഖല സ്ഥിരത കൈവരിക്കുമെന്നാണു പ്രതീക്ഷയെന്ന് ഊർജ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പമ്പുകൾക്കു മുന്നിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിലടക്കം ഇന്ധനക്ഷാമമുണ്ട്. വലിയ ട്രക്കുകൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും പമ്പുകളിൽ നിന്നു പരമാവധി നൽകുന്ന ഇന്ധനത്തിന്റെ അളവ് 30 ലീറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതൽ 20 പെൻസിന്റെ വരെ വർധനയുണ്ട്. ഇന്ധന ക്ഷാമം ചരക്കു നീക്കത്തെ ബാധിച്ചതോടെ സൂപ്പർ മാർക്കറ്റുകളിൽ പലയിടത്തും സാധനദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങി.
ട്രക്ക് ഡ്രൈവർമാർ ഇല്ലാതായതാണ് രാജ്യത്ത് ഇപ്പോളുള്ള പ്രതിസന്ധിക്ക് കാരണം. കോവിഡ് സാഹചര്യത്തിൽ ഡ്രൈവർമാർ നാട്ടിലേക്ക് തിരിച്ചു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. നിലവിൽ ഒരു ലക്ഷത്തോളം എച്ച്ജിവി ഡ്രൈവർമാരുടെ കുറവാണു രാജ്യത്തുള്ളതെന്നാണു റിപ്പോർട്ട്. ബ്രെക്സിറ്റിനു പിന്നാലെ 20,000ലേറെ ഡ്രൈവർമാർ മടങ്ങിയെന്നാണു കണക്ക്. 4000 മുതൽ 7000 പൗണ്ടു വരെയാണ് എച്ച്ജിവി ലൈസൻസ് സ്വന്തമാക്കാൻ ചെലവാകുന്ന തുക. ഇത് പലർക്കു താങ്ങാനാവുന്നില്ലെന്നും പരാതിയുണ്ട്.
Post a Comment