ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ കരീന സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. നിരവധി ഹിറ്റുകളിലെ നായികയാണ് കരീന. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായി തുടരുകയാണ് കരീന. ഈയ്യടുത്തായിരുന്നു കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ജനന സമയത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുകയും ചെയ്തു.

അതേസമയം മറയില്ലാത തുറന്ന് സംസാരിക്കുന്ന കരീനയുടെ ശീലവും ചര്‍ച്ചയായി മാറാറുണ്ട്. പലപ്പോഴും കരീനയുടെ തുറന്നുള്ള സംസാരം കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ വിവാദങ്ങള്‍ക്കും ഈ ശീലം കാരണമായിട്ടുണ്ട്. മറയില്ലാതെ സംസാരിക്കുന്ന ശീലം കാരണം നാണക്കേടുകളും കരീനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ മണ്ടത്തരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായി മാറിയിട്ടുണ്ട്. അങ്ങനെ കരീനയ്ക്ക് വലിയ കളിയാക്കലുകള്‍ നേരിടാന്‍ കാരണമായ ചില പ്രസ്താവനകള്‍ വായിക്കാം.

സല്‍മാന്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ബജ്‌രംഗി ഭായ്ജാന്‍. കരീനയും സല്‍മാനും ഒരുമിച്ച് അഭിനയിച്ച മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. സിനിമയിടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു റിപ്പോര്‍ട്ടര്‍ അതേക്കുറിച്ച് ചോദിച്ചു. മൂന്നാം വട്ടവും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. ഇതിന് കരീന നല്‍കിയ മറുപടി സല്‍മാന്‍ എന്ന ഒമ്പത് വയസുള്ളപ്പോള്‍ നൈറ്റ് ഡ്രസില്‍ കണ്ടിട്ടുള്ളതാണ് എന്നായിരുന്നു. തങ്ങളുടെ ബന്ധത്തിന്റെ പഴക്കം സൂചിപ്പിക്കുകയായിരുന്നു കരീന ഉദ്ദേശിച്ചതെങ്കിലും വാക്കുകളുടെ തിരഞ്ഞെടുപ്പ് താരത്തിനെതിരെ ട്രോളുകള്‍ ഉയരാന്‍ കാരണമായി.

സൂപ്പര്‍ നായികയാണെങ്കിലും തിരക്കഥ വായിക്കാന്‍ ഇഷ്ടപ്പെടുന്നയാളല്ല കരീന. താരം തന്നെ ഒരിക്കല്‍ ഇതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ''എനിക്ക് തിരക്കഥ വായിക്കുന്നത് ഇഷ്ടമല്ല. എനിക്ക് ഉറക്കം വരും. കേള്‍ക്കാനാണ് ഇഷ്ടം. അതെന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നതായിരിക്കണം'' എന്നായിരുന്നു കരീനയുടെ പ്രസ്താവന. ഇതോടെ എന്തുകൊണ്ടാണ് ഫാഷന്‍, രാംലീല, ക്വീന്‍ പോലുള്ള സിനിമകള്‍ നിരസിച്ചതും ഏജന്റ് വിനോദും ടഷനും പോലുള്ള പരാജയ സിനിമകളോട് യെസ് പറഞ്ഞതെന്നും മനസിലായെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

ബോളിവുഡിലെ സൂപ്പര്‍ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയുമായുള്ള കരീനയുടെ പിണക്കവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ദേവ്ദാസില്‍ തനിക്ക് പറഞ്ഞിരുന്ന വേഷം ഐശ്വര്യ റായ്ക്ക് നല്‍കിയതാണ് പിണക്കത്തിന്റെ കാരണ. ''സഞ്ജയ് ബന്‍സാലി ഒരു കണ്‍ഫ്യൂസ്ഡ് സംവിധായകന്‍ ആണ്. വാക്കില്‍ ഉറച്ചു നില്‍ക്കാത്ത വ്യക്തി. ജീവിതത്തില്‍ യാതൊരു നിലപാടും ധാര്‍മ്മികതയുമില്ല. നാളെ അദ്ദേഹം അടുത്ത രാജ് കപൂറോ ഗുരു ദത്തോ ആയാലും, എന്റെ സിനിമകള്‍ പരാജയപ്പെട്ട് ഞാനൊരു പരാജയപ്പെട്ട നടിയായാലും അദ്ദേഹത്തിനൊപ്പം ഒരിക്കലും പ്രവര്‍ത്തിക്കില്ല'' എന്നായിരുന്നു കരീന പറഞ്ഞത്.

തീര്‍ന്നില്ല, ഒരിക്കല്‍ മംഗള്‍ യാനിനെക്കുറിച്ചുള്ള കരീനയുടെ പ്രസ്താവനയും ട്രോളുകള്‍ക്ക് കാരണമായിരുന്നു. ''എനിക്കും ബഹിരാകാശത്തിലേക്ക് ഒറ്റയ്ക്ക് പോകണം'' എന്നായിരുന്നു കരീന പറഞ്ഞത്. എന്തുകൊണ്ട് എന്ന് ചോദിച്ചപ്പോള്‍ സെയ്ഫ് നേരത്തെ തന്നെ അവിടെയുണ്ടെന്നായിരുന്നു കരീന പറഞ്ഞത്. ആ പറഞ്ഞത് ഡീ കോഡ് ചെയ്യാന്‍ പലര്‍ക്കും ഇപ്പോഴും സാധിച്ചിട്ടില്ല. അഭിനയിക്കാനുള്ള തന്റെ ചെറുപ്പം മുതലേയുള്ള ആഗ്രഹത്തെക്കുറിച്ചുള്ള കരീനയുടെ വാക്കുകളു പരിഹസിക്കപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്ത് വന്നത് മുതല്‍ അഭിനയിക്കുകയായിരുന്നു തന്റെ ആഗ്രഹം. അമ്മ എന്നതിന് മുമ്പ് താന്‍ പറഞ്ഞ വാക്ക് സിനിമ എന്നായിരുന്നുവെന്നാണ് കരീന പറഞ്ഞത്.

ഒരിക്കല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സോണിയാ ഗാന്ധിയെ ഫസ്റ്റ് ലേഡി എന്നും കരീന അഭിസംബോധന ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ താരത്തെ ഇതിന്റെ പേരില്‍ ഒരുപാട് പരിഹസിച്ചിരുന്നു. എന്തായാലും അതെല്ലാം പഴയ കഥകളാണ്. ഇന്ന് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത അത്ര ഉയരത്തിലാണ് കരീന. ഈയ്യടുത്താണ് കരീനയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ജഹാംഗീര്‍ എന്നാണ് സെയ്ഫ്-കരീന ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയുടെ പേര്. അംഗ്രേസി മീഡിയം ആണ് കരീനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ. ആമിര്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍.

Post a Comment