മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ പട്ടികയിൽ പലപ്പോഴും ഇടം പിടിക്കാത്ത, എന്നാൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സംവിധായകനാണ് തുളസീദാസ്. 90 കളിൽ പൊട്ടിച്ചിരിയുടെ പൂത്തിരികൾ തീർത്ത് തിയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകരിൽ ഒരാൾ കൂടിയാണ് തുളസീദാസ്. പി.കെ ജോസഫ് എന്ന സംവിധായകന്റെ കീഴിൽ സിനിമ സംവിധാനത്തെ കുറിച്ച് പഠിച്ചു. 1989 ൽ ഒന്നിന് പിറകെ മറ്റൊന്ന് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി തുടങ്ങി 33 മലയാള സിനിമകളും ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു.
കൗതുക വാർത്തകൾ, മിമിക്സ് പരേഡ്, ചാഞ്ചാട്ടം, കാസർകോട് ഖാദർ ഭായ്, ഏഴരപൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമചെപ്പ്, കിലുകിൽ പമ്പരം, സൂര്യപുത്രൻ, ദോസ്ത് , അവൻ ചാണ്ടിയുടെ മകൻ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന സിനിമകൾ. 2003ൽ മോഹൻലാലിനെ നായകനാക്കി മിസ്റ്റർ ബ്രഹ്മചാരി 2008 ൽ കോളജ് കുമാരൻ എന്നീ ചിത്രങ്ങളും തുളസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി.
സുരേഷ് ഗോപി, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇത് മാഞ്ഞു കാലം എന്നൊരു മികച്ച ത്രില്ലർ കൂടി തുളസീദാസ് ഒരുക്കിയിട്ടുണ്ട്. ജയറാം - മുകേഷ് - സിദ്ദിഖ് - ജഗദീഷ് കോമ്പോയിൽ നിരവധി ഹിറ്റുകളും, സൂപ്പർ ഹിറ്റുകളും തീർത്ത തുളസീദാസിന് 2000ന് ശേഷം വളരെ ചുരുക്കം സിനിമകൾ മാത്രമേ വിജയ ചിത്രങ്ങളാക്കി മാറ്റുവാൻ കഴിഞ്ഞുള്ളു. 2016ലാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ അവസാന ചിത്രം പുറത്തുവന്നത്.
ഏഴിലധികം ടെലിവിഷൻ പരമ്പരകളും തുളസീദാസ് സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ദേവീമാഹാത്മ്യം എന്ന സീരിയൽ ആണ്. ആയിരം നാവുള്ള അനന്തൻ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തതും തുളസീദാസായിരുന്നു. മമ്മൂക്കയുമായുള്ള ആത്മബന്ധത്തെ കുറിച്ചും സിനിമയിൽ നിന്നും നേരിട്ട ചില പ്രശ്നങ്ങളെ കുറിച്ചും മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ തുളസീദാസ്. ഒരു നിർമാതാവിന്റെ വാശി മൂലം മമ്മൂട്ടിക്കൊപ്പം ചെയ്യാൻ തീരുമാനിച്ച സിനിമയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും തുളസീദാസ് പറയുകയാണ് ഇപ്പോൾ.
അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിൽ മമ്മൂട്ടിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്നും എന്നാൽ നിർമാതാവിന്റെ ചില പിടിവാശികൾ മൂലം മമ്മൂട്ടിയെ ഒഴിവാക്കി പൃഥ്വിരാജിനെ നായകനാക്കുകയായിരുന്നുവെന്നും തുളസീദാസ് പറയുന്നു. മമ്മൂട്ടിയോട് അവൻ ചാണ്ടിയുടെ കഥ പറയുകയും അദ്ദേഹം അത് ചെയ്യാൻ സമ്മതിക്കുകയും അഡ്വാൻസ് കൊടുത്ത് അയക്കാൻ പറഞ്ഞിരുന്നതുമായിരുന്നുവെന്നും തുളസീദാസ് പറയുന്നു. അന്ന് മമ്മൂട്ടി ബ്ലസി ചിത്രം കാഴ്ചയിൽ അഭിനയിക്കുന്ന സമയമായിരുന്നുവെന്നും തുളസീദാസ് ഓർക്കുന്നു.
സംവിധായകൻ തുളസീദാസ്, മമ്മൂട്ടി ഫോട്ടോകൾ
അവൻ ചാണ്ടിയുടെ മകനിൽ മമ്മൂട്ടിയെ ലഭിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തെ കൊണ്ട് ഡബിൾ റോൾ ചെയ്യിക്കാൻ ആലോചിച്ചിരുന്നതായും തുളസീദാസ് പറയുന്നു. മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യാൻ തടസമായിരുന്ന അതേ നിർമാതാവ് തന്നെയാണ് പിന്നീടും തന്റെ കരിയറിന് വിലങ്ങുതടിയായതെന്നും തുളസീ ദാസ് പറയുന്നു. 2007ലാണ് തുളസീദാസ് അവൻ ചാണ്ടിയുടെ മകൻ റിലീസിനെത്തിക്കുന്നത്. ഈ ചിത്രത്തിൽ പൃഥ്വിരാജ്, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കൊച്ചി, കർണാടക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സഞ്ജീവ് ലാൽ സംഗീതമൊരുക്കി. താന്തോന്നിയായ മകനിൽ നിന്നും അകലം പാലിക്കുന്ന ഒരപ്പനും അവർക്കിടയിൽ പാലമായി വർത്തിക്കുന്ന ചില കഥാപാത്രങ്ങളും ഇവരെ കേന്ദ്രീകരിച്ചുമാണ് അവൻ ചാണ്ടിയുടെ മകന്റെ കഥ സഞ്ചരിക്കുന്നത്. താന്തോന്നിയായ തട്ടേക്കാട് ചാണ്ടിയായി വിജയരാഘവനും മകൻ കുര്യൻ ചാണ്ടിയായി പൃഥ്വിരാജും അഭിനയിച്ചിരിക്കുന്നു.
Post a Comment