പാലക്കാട്: രേഖകളില്ലാതെ ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പാലക്കാട്ട് പിടികൂടി. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ 1.64 കോടി രൂപയാണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരെ അറസ്റ്റ് ചെയ്തു.
നാലു ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് സ്വര്‍ണ്ണം വാങ്ങാനായി കടത്തിക്കൊണ്ടുവന്ന പണമാണിതെന്നാണ് പ്രതികള്‍ പറഞ്ഞത്. പണത്തിന്റെ യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കേസ് തുടരന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് മൂന്ന് കേസുകളില്‍ നിന്ന് 2.21 കോടി രൂപ ട്രെയിനില്‍ നിന്ന് പിടികൂടുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി.രാജിയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ എപി അജിത്ത് അശോക്, എഎസ്‌ഐമാരായ സജു, സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Post a Comment