2021 സാമ്പത്തിക വര്‍ഷത്തില്‍ ഐ ടി ഭീമൻമാരായ വിപ്രോ(Wipro) ലിമിറ്റഡിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അസിം പ്രേംജി (Azim Premji) ദിവസം തോറും നല്‍കിയ സംഭാവന(Donation) തുക 27 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മഹാമാരിക്കാലത്ത്(Pandemic) രാജ്യത്ത് ഏറ്റവുമധികം സഹായം ചെയ്ത മനുഷ്യ സ്നേഹികളുടെ (philanthropist) പട്ടികയിലെ സ്ഥാനം നിലനിര്‍ത്താനായി അസിം പ്രേംജി ചെലവിട്ടത് 9713 കോടി രൂപയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
മഹാമാരിക്കാലത്ത് മാത്രം നല്‍കിയ സംഭാവനയില്‍ നാലുമടങ്ങ് തുക വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സമൂഹത്തിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സംഭാവന നല്‍കിയ മനുഷ്യസ്നേഹികളുടെ പട്ടികയില്‍ അസിം പ്രേംജി ഒന്നാം സ്ഥാനത്താണുള്ളത്. എച്ച് സി എല്ലിന്‍റെ ശിവ് നാടാരാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മഹാമാരി കാലഘട്ടത്തില്‍ 1263 കോടി രൂപയാണ് ശിവ് നാടാന്‍ സംഭാവന നല്‍കിയത്. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി 577 കോടി രൂപ സംഭാവന ചെയ്ത് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.
കുമാര്‍ മംഗളം ബിര്‍ലയാണ് നാലാം സ്ഥാനത്തുള്ളത്. 377 കോടി രൂപയാണ് ബിര്‍ല സംഭാവന നല്‍കിയത്. രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ ഗൌതം അദാനിക്ക് ഈ പട്ടികയില്‍ എട്ടാം സ്ഥാനമാണുള്ളത്. 130 കോടി രൂപയാണ് അദാനി സംഭാവന നല്‍കിയിട്ടുള്ളത്. ഇന്‍ഫോസിസ് ചെയര്‍മാനായ നന്ദന്‍ നിലേകനി മുന്‍വര്‍ഷത്തേക്കാള്‍ ഈ പട്ടികയില്‍ സ്ഥാനം മെച്ചപപ്പെടുത്തി. 183 കോടി രൂപ ചെലവിട്ട നന്ജന്‍ നിലേക്കനിക്ക് അഞ്ചാം സ്ഥാനമാണ് നേടാനായത്. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലയിലേക്കാണ് ഇത്തരത്തിലുള്ള സംഭാവനകളില്‍ ഏറിയ പങ്കും എത്തിയിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എഡല്‍ഗിവ് ഹുരൂണ്‍ ഇന്ത്യയാണ് 2021വര്‍ഷത്തെ മനുഷ്യ സ്നേഹികളുടെ പട്ടിക പുറത്തുവിട്ടിട്ടുള്ളത്. 40 വയസില്‍ താഴെയുള്ളവര്‍ ഈ പട്ടികയിലേക്ക് കൂടുതലായി എത്തുന്നത് പ്രശംസനീയമെന്നാണ് ഈ വര്‍ഷത്തെ പട്ടിക വിലയിരുത്തി ഹുരൂണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പട്ടികയുടെ പ്രധാന ഗവേഷകനുമായ അനസ് റഹ്മാന്‍ ജുനൈദ് പറയുന്നത്. ഈ പ്രായത്തിലുള്ള മനുഷ്യ സ്നേഹികളില്‍ പലരും സ്വപ്രയത്നത്താല്‍ ഉയര്‍ന്നുവരുന്നവരാണെന്നും അനസ് റഹ്മാന്‍ ജുനൈദ് കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ഷെയര്‍ മാര്‍ക്കറ്റ് വ്യാപാരിയായ രാകേഷ് ജുന്‍ജുന്‍വാലയും ഈ പട്ടികയില്‍ ഇടം നേടി. തന്‍റെ ഈ വര്‍ഷത്തെ ലാഭത്തില്‍ നിന്ന് 50 കോടി രൂപയാണ് രാകേഷ് ജുന്‍ജുന്‍വാല വിദ്യാഭ്യാസ സഹായമായി നല്‍കിയിട്ടുള്ളത്.
Post a Comment