കൊല്ലം :സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും ധൈര്യമായി സ്കൂളിൽ എത്തിക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും. 24300 തെർമ്മൽ സ്ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു. ക്ലാസില്‍ നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനും 1800ഓളം പ്രധാനാധ്യാപകരെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നിയമിക്കാനും നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇനി ഫിറ്റ്‌നസ് ലഭിക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 446 ആണ്. 2282 അധ്യാപകര്‍ വാക്‌സിന്‍ എടുക്കാത്തതായുണ്ട്. ഈ അധ്യാപകരോട് സ്‌കൂളുകളില്‍ വരേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി. ഡെയ്‌ലി വേജസില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍ അവര്‍ ഇനി ജോലിയ്ക്ക് വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment