മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്ത് ആയിരക്കണക്കിന് ആരാധകര്‍. ഇത്രയും കാലം ജയിലില്‍ കിടക്കേണ്ട ആളായിരുന്നില്ല ആര്യന്‍ ഖാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ശനിയാഴ്ച രാവിലെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നേരിട്ടെത്തിയാണ് ഷാരൂഖ് ഖാന്‍ മകനെ കൊണ്ടുപോയത്.

ജയിലിന് പുറത്തും ഷാരൂഖിന്റെ വസതിയായ മന്നത്തിന്റെ മുന്നിലും സ്വാഗതം ആര്യന്‍ എന്നെഴുതിയ ബോര്‍ഡുകളുമായി നിരവധി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. മന്നത്തിന്റെ ഗേറ്റിന് മുന്നില്‍ ചിലര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. അഞ്ച് വാഹനങ്ങളിലായാണ് ഷാരൂഖും സംഘവും ആര്യനെ കൊണ്ടുപോകാനായി എത്തിയത്. ആളുകള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് 45 മിനിറ്റിലേറെ സമയമെടുത്താണ് വാഹനവ്യൂഹം മന്നത്തില്‍ എത്തിയത്.

ഷാരൂഖിന്റെ ജന്മദിനമായ നവംബര്‍ രണ്ടിനും ദീപാവലി ആഘോഷത്തിനും മുമ്പ് മകന്‍ മോചിതനായതിന്റെ ആശ്വാസത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും. ആര്യന്‍ തിരിച്ചെത്തിയതോടെ ഷാരൂഖിന്റെ ജന്മദിനവും ദീപാവലിയും ആഘോഷമാക്കാനൊരുങ്ങുകയാണ്. ദീപാലംകൃതമായ മന്നത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Post a Comment