തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരി ഒരു വർഷം നീണ്ട ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി. ജാമ്യം നേടി തിരുവനന്തപുരത്തെത്തിയ ബിനീഷ് ആദ്യം പോയത് സ്വന്തം വീട്ടിലേക്കായിരുന്നു. ഒരു വർഷത്തിന് ശേഷം ബിനീഷിനെ കണ്ടതും മകൾ ഓടിയെത്തി. ഒപ്പം പരാതിയും പറയാനുണ്ടായിരുന്നു മകൾക്ക്. ‘അച്ഛാ എനിക്ക്, എന്റെ ടോക്കിങ് ടോമിന്റെ ബാറ്ററി പോയി’ എന്ന് മകൾ പറഞ്ഞപ്പോൾ ഉടൻ തന്നെ ഒരെണ്ണം വാങ്ങിത്തരാമെന്നായിരുന്നു ബിനീഷിന്റെ മറുപടി
.

ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ മകനെ കണ്ടതിൽ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ജയിലിനകത്ത് പോയി സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിനു ശേഷം കണ്ടതിന്റെ ആശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ ഇരിക്കുന്ന വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

നേരത്തെ, ജയിൽ മോചിതനായശേഷം ബിനീഷ് ബംഗളൂരുവിൽ വെച്ച് നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു. കേരളത്തിലെത്തിയ ശേഷം ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം, തിരുവനന്തപുരത്ത് കാത്തുനിന്നവരെ ബിനീഷ് നിരാശപ്പെടുത്തി. വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്താനാകില്ലെന്നും പിന്നീട് വിശദമായി അറിയിക്കുമെന്നും ബിനീഷ് പറഞ്ഞു.

Post a Comment