മുംബൈ: നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മുസ്ലിമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആദ്യഭാര്യയുടെ പിതാവ് രംഗത്ത്. ഈ മാസം ആദ്യം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍.സി.ബി സംഘം മുംബൈയില്‍ കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ്കഡെ സംവരണാനുകൂല്യം തട്ടാന്‍ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചതായും കൈക്കൂലി വാങ്ങിയതായും ആരോപണം ഉയര്‍ന്നത്
.
സമീര്‍ വാങ്കഡെ ജന്മനാ മുസ്ലിമാണെന്നും തന്‍റെ മകളെ വിവാഹം കഴിച്ച ശേഷവും അദ്ദേഹം പള്ളിയില്‍ പോവാറുണ്ടായിരുന്നുവെന്നുമാണ് ആദ്യഭാര്യ ഡോ. ശബാനയുടെ പിതാവ് ഡോ. സഹീദ് ഖുറേഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ‘വാങ്കഡെ കുടുംബത്തെ തനിക്ക് നേരത്തെ അറിയാം. അവര്‍ മുസ്ലിംകളാണ്. ദാവൂദ് എന്നാണ് സമീറിന്‍റെ പിതാവിന്‍റെ പേര്. ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് വാങ്കഡെ ഹിന്ദുവായെന്ന വിവരം താന്‍ കേള്‍ക്കുന്നത്’ – ഡോ. സഹീദ് ഖുറേഷി പറഞ്ഞു.
മുസ്ലിമായി ജനിച്ച്, ഇസ്ലാമിക നിയമപ്രകാരം മുസ്ലിമിനെ നികാഹ് ചെയ്ത സമീര്‍ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് കാണിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വ്യാജ രേഖകള്‍ ചമച്ചത് സംവരണ ക്വോട്ടയില്‍ ജോലി ലഭിക്കാനാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഡോ. സഹീദ് ഖുറേഷിയുടെ വെളിപ്പെടുത്തല്‍.
തന്‍റെ പിതാവ് ജ്ഞാനദേവ് കച്ച് രുജി വാങ്കഡെ ഹിന്ദുവാണെന്നും അന്തരിച്ച അമ്മ സഹീദ മുസ്ലിമായിരുന്നെന്നും നവാബിന്‍റെ ആരോപണത്തോട് സമീര്‍ വാങ്കഡെ പ്രതികരിച്ചിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്നാണ് ഡോ. സഹീദ് ഖുറേഷി പറയുന്നത്.
“വാങ്കഡെ കുടുംബം മുസ്ലിംകളാണെന്ന കാര്യം ഞങ്ങള്‍ക്ക് നേരത്തേ അറിയാമായിരുന്നു. പിതാവ് ദാവൂദ് വാങ്കഡെയെ എനിക്ക് അറിയാം. സമീറിന്‍റെ മാതാവ് സഹീദയുമായുള്ള ബന്ധം കാരണമാണ് എന്‍റെ മകള്‍ ഡോ. ശബാനയും സമീറുമായുള്ള വിവാഹത്തിന് ഞങ്ങള്‍ സമ്മതിച്ചത്. 2006ലാണ് അറേഞ്ച്ഡ് വിവാഹം നടന്നത്. 2016ല്‍ ഇരുവരും വിവാഹമോചനം നേടി. ഇത് വേദനാജനകമായ അധ്യായമായിരുന്നു. ആ കാര്യം മറവിക്ക് വിട്ടുകൊടുത്തു ഞങ്ങള്‍ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്’ – അദ്ദേഹം പറഞ്ഞു.
സമീര്‍ വാങ്കഡെയും അദ്ദേഹത്തിന്‍റെ ജനന സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച വിവാദം ഉടലെടുത്തതോടെയാണ് ഹിന്ദുവാണെന്ന വാങ്കഡെയുടെ അവകാശവാദത്തെ കുറിച്ച് തങ്ങള്‍ അറിയുന്നതെന്ന് ഖുറേഷി പറഞ്ഞു. “ജന്മനാ ഹിന്ദുവാണെന്ന സമീറിന്‍റെ അവകാശം വാദം പുറത്തുവന്നപ്പോള്‍, എന്‍റെ മകളെ ഹിന്ദുവിന് വിവാഹം കഴിച്ചുകൊടുത്തതെങ്ങനെയെന്ന് പലരും എന്നോട് ചോദിച്ചു. എനിക്കും എന്‍റെ കുടുംബത്തിനും അത് അഭിമാന പ്രശ്നമായി. ഈ സാഹചര്യത്തിലാണ് ശബാനയും സമീറും തമ്മിലുള്ള വിവാഹം നടക്കുമ്ബോള്‍ വരന്‍ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന കാര്യം ഞാന്‍ വ്യക്തമാക്കുന്നത്’ -വിഷയത്തില്‍ ഇപ്പോള്‍ മൗനം വെടിയാനുള്ള തന്‍റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സഹീദ് പറഞ്ഞു,
ശബാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് സമീറിന് സര്‍ക്കാര്‍ ജോലി ലഭിച്ചത്. സംവരണ ക്വാട്ടയിലാണോ ജോലി നേടിയതെന്ന് അറിയില്ലെന്ന് ഖുറേഷി പറഞ്ഞു. “ജോലി ലഭിച്ചുവെന്നതല്ലാതെ അത് എങ്ങനെ ലഭിച്ചുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. പൊതുവെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അത്ര ആഴത്തില്‍ പോകാറില്ല. ഏതെങ്കിലും ക്വാട്ടയിലൂടെയാണോ ജോലി ലഭിച്ചത് എന്ന് കണ്ടെത്തുക അന്ന് എളുപ്പമായിരുന്നില്ല.” -അദ്ദേഹം പറഞ്ഞു.
സമീറിന്‍റെ പിതാവ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണെന്നും ഖുറേഷി വ്യക്തമാക്കി. തന്‍റെ പേര് ദാവൂദ് എന്നല്ല, ജ്ഞാനദേവ് എന്നാണെന്ന് സമീര്‍ വാങ്കഡെയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് തെളിവായി അദ്ദേഹം കാണിച്ച രേഖകള്‍ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പുള്ളതാണെന്ന് ഖുറേഷി പറഞ്ഞു. ”ജ്ഞാനദേവ് വാങ്കഡെ എന്ന പേരില്‍ കാണിച്ച രേഖകളെല്ലാം സഹീദയുമായുള്ള വിവാഹത്തിന് മുമ്പുള്ളതാണ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചാണ് സഹീദയെ വിവാഹം കഴിച്ചത്. ശേഷം ഒരു സാധാരണ മുസ്ലിം ആയാണ് ജീവിതം നയിച്ചത്’ -ഖുറേഷി പറഞ്ഞു.
Post a Comment