മലപ്പുറം: കൊണ്ടോട്ടി കോട്ടൂക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതേ നാട്ടുകാരനായ പതിനഞ്ചുകാരനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.

ദേഹം മുഴുവന്‍ ചെളിപുരണ്ട നിലയിൽ പെണ്‍കുട്ടി പ്രാണരക്ഷാർത്ഥം സമീപഹത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അര്‍ദ്ധനഗ്നയായിട്ടായിരുന്നു പെണ്‍കുട്ടി അഭയം തേടിയതെന്നും, ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. അരയ്ക്കു മുകളിലേക്ക് നഗ്നയായിരുന്നു. കൈകള്‍ കെട്ടിയിരുന്നു. വായിലും എന്തോ തിരുകിവച്ച നിലയിലായിരുന്നു. ഭയന്നുവിറച്ച പെണ്‍കുട്ടി കരയുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. വീട്ടുകാരെ കുറിച്ച്‌ ചോദിച്ചിട്ട് പോലും ആദ്യം മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ഓടിക്കയറിയ വീടിനു സമീപമുള്ള അയല്‍വാസിയായ അധ്യാപിക പറയുന്നു.

പെൺകുട്ടിയെ പിന്നില്‍ നിന്ന് വന്ന് വായ്‌പൊത്തി മതിലിനു മുകളിലൂടെ എടുത്തെറിഞ്ഞ് വാഴത്തോട്ടത്തിലിട്ട് പീഡിപ്പിക്കാനായിരുന്നു ശ്രമം. കുതറിയോടിയ പെണ്‍കുട്ടി അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. തന്നെ ആക്രമിച്ചയാളെ ഒരിക്കൽ കൂടി കണ്ടാൽ തിരിച്ചറിയുമെന്നും അയാളെ താന്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ചു. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment