പോസ്റ്ററുകള്‍ അല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും മിന്നല്‍ മുരളിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ ലഭിച്ചിട്ടില്ലായിരുന്നു. ഒടിടി പ്ലാറ്റ്‍ഫോമായ നെറ്റ്‍ഫ്ലിക് ചിത്രം ഏറ്റെടുത്തതോടെ ഏതാനും കൗതുകകരമായ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. കഥാതന്തുവാണ് അതില്‍ പ്രധാനം. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടൊവിനൊയുടെ കഥാപാത്രം. ഒരിക്കല്‍ ഇടിമിന്നലേല്‍ക്കുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്നും നെറ്റ്ഫ്ളിക്സ് അറിയിച്ചിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാവും. സമീപകാലത്ത് നെറ്റ്ഫ്ളിക്സ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ റിലീസുകളില്‍ ഒന്നാണ് മിന്നല്‍ മുരളി. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ആകാംക്ഷകള്‍ വര്‍ദ്ധിക്കുകയാണ്. ടൊവിനൊ തോമസ് ചെയ്യുന്ന കഥാപാത്രത്തിന് മിന്നല്‍ ഏല്‍ക്കുന്നത് തന്നെയാണ് ട്രെയിലറിന്റെ തുടക്കത്തിലും കാണുന്നത്. തുടര്‍ന്ന് അമാനുഷികമായ കരുത്ത് തനിക്കുണ്ടോയെന്ന് പരീക്ഷിക്കുന്ന ടൊവിനൊയെയും ട്രെയിലറില്‍ കാണാം. അങ്ങനെ സൂപ്പര്‍ ഹീറോ ആയി മാറുന്ന ടൊവിനൊയുടെ കഥാപാത്രത്തെ കുറിച്ചാണ് ട്രെയിലറില്‍ പറയുന്നത്.
ബേസില്‍ തന്നോട് ആദ്യം കഥ പറയുന്ന സമയത്ത് ഇത് ഇത്ര വലിയൊരു സിനിമ ആയിരുന്നില്ലെന്ന് നെറ്റ്ഫ്ളിക്സിന്റെ വെര്‍ച്വല്‍ ഫാന്‍ ഇവെന്‍റായി 'ടുഡു'മില്‍ ടൊവിനൊ പറഞ്ഞിരുന്നു. എന്‍റെയടുത്ത് ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് മിന്നല്‍ മുരളി ഇരുന്നിരുന്നതെങ്കില്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്ക് അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്‍ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി. ബേസില്‍ എന്നോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. ഈ സിനിമ തീരുമ്ബോഴേക്ക് നിങ്ങളെന്നെ ഒരേസമയം വെറുക്കുകയും സ്‍നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള സ്‍നേഹം, ജോലിഭാരം ഓര്‍ത്തുള്ള വെറുപ്പ് എന്നാണ് ബേസില്‍ പറഞ്ഞതായി ടൊവിനൊ വ്യക്തമാക്കിയിരുന്നു.
ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്ബന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.
Post a Comment