തിരുവനന്തപുരം: യാതൊരുവിധ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്നിട്ടും മൂവായിരത്തോളം അധ്യാപകര്‍ ഒരുഡോസ് കോവിഡ് വാക്സീന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.ഈ അധ്യാപകരില്‍ ചിലര്‍ കൂട്ടായ്മകളുണ്ടാക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്‍റെ വാക്സീന്‍നയത്തെ വെല്ലുവിളിക്കുകയും ചെയ്തതായും കണ്ടെത്തി. അതേസമയം, സ്കൂള്‍ തുറന്ന് ഒരുമാസം പിന്നിടുമ്ബോള്‍ വിദ്യാര്‍ഥികളും അധ്യാപകരും
ഉള്‍പ്പെടെ ആയിരത്തില്‍ താഴെ പേര്‍ക്ക് കോവിഡ് ബാധിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.

കോവിഡ് വാക്സീന്‍ എടുക്കാത്ത അധ്യാപകരില്‍ ഏകദേശം മൂവായിരത്തോളം പേരെങ്കിലും പ്രത്യേകിച്ച്‌ അരോഗ്യകാരണങ്ങളൊന്നും ഇല്ലാത്തവരാണെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവരോട് വാക്സീന്‍ സ്വീകരിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, സര്‍ക്കാരിനെ വെല്ലു വിളിക്കുകയും ചെയ്തു. സാമൂഹിക മാധ്യമ ഗ്രൂപ്പുകളും മറ്റും ഉണ്ടാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കടുത്ത നടപടികളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കുട്ടികളുടെയും സമൂഹത്തിന്‍റെയും ആരോഗ്യം സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാത്തവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി അതിനോട് യോജിക്കുകയും ചെയ്തു. ഇതോടെയാണ് വാക്സീന്‍എടുക്കാത്ത അധ്യാപകര്‍ എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്.

വാക്സീനെടുക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയും ലഭിക്കില്ല. സ്‌കൂളിലെത്തിയ എത്രകുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് വന്നു എന്നതിന്‍റെ ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിട്ടില്ല. അതേസമയം അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 800 നും ആയിരത്തിനും ഇടക്ക് പേര്‍ക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ കോവിഡ് വന്നിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അനൗദ്യോഗിക കണക്ക്.

Tags Covid Vaccine kerala school teachers Anti vaccine group

shortlink

Post a Comment