ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പലരും പുതിയ വാഹനങ്ങളെടുക്കാന്‍ മടിക്കുകയാണ്. വാഹന രജിസ്ട്രേഷന്‍ സീരീസ് EX എന്ന അക്ഷരങ്ങള്‍ ആയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അതിന്റെ പിന്നിലെ കാരണവും ചര്‍ച്ചയായത്. DL 3SEX എന്ന രീതിയിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍. ആ നമ്ബര്‍ കണ്ട് യുവതി വാഹനമുപേക്ഷിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ ഈ നമ്ബര്‍ ബോര്‍ഡും വച്ച്‌ പുറത്തിറങ്ങുന്നത് നാണക്കേടാണെന്നാണ് പലരും പറയുന്നത്. അതേസമയം സ്കൂട്ടറിന്റെ രജിസ്ട്രേഷനില്‍ മാത്രമാണ് ഈ
പ്രശ്‌നമുള്ളത്. മറ്റു വാഹനങ്ങള്‍ക്ക് ഈ പ്രശ്‌നമില്ല.

സ്റ്റേറ്റിന്റെ കോ‌ഡ്, ജില്ലയുടെ നമ്ബര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്ബര്‍ എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും നല്‍കുന്നത്. സ്കൂട്ടര്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ വാഹനത്തിന്റെ കോഡായി നല്‍കുന്ന എസ് വരുന്നതോടെയാണ് SEX എന്ന പേരില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ സ്കൂട്ടര്‍ എടുക്കാന്‍ മടിക്കുന്നതായിട്ടാണ് ഡല്‍ഹിയിലെ വാഹനഷോറൂമുകളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇത് സ്കൂട്ടര്‍ രജിസ്ട്രേഷനു മാത്രമുള്ള പ്രശ്‌നമായതിനാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും മറ്റു നടപടികളുണ്ടാകാന്‍ വഴിയില്ല.

Post a Comment