ചിറ്റൂര്‍: ഓപ്പറേഷന്‍ 22 ന്റെ ഭാഗമായി വേലന്താവളം എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നിന്‌ എക്‌സൈസ്‌ നടത്തിയ വാഹന പരിശോധനയില്‍, ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 188 കിലോ കഞ്ചാവ്‌ പിടികൂടി.സംഭവത്തില്‍ കോഴിക്കോട്‌ പന്നിയങ്കര കല്ലായി ദേശത്ത്‌ ഒഴിക്കേരി പറമ്ബ്‌ സ്വദേശി നജീബ്‌(66), വടകര അഴിയൂര്‍ ചോമ്ബാല മേടപറമ്ബില്‍ വീട്ടില്‍ രാമദാസന്‍(64) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്നു മലപ്പുറം, കോഴിക്കോട്‌ ഭാഗത്തെ ചില്ലറവില്‍പ്പനക്കാര്‍ക്ക്‌ എത്തിക്കാനുള്ള കഞ്ചാവാണ്‌ പിടികൂടിയത്‌.
പരിശോധനയ്‌ക്ക്‌ നിര്‍ത്തിച്ചപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന 60 നു മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ വണ്ടിയില്‍ കുറച്ചു റേഷനരിയുണ്ടെന്ന്‌ പറയുകയും പോകാന്‍ ധൃതി കാണിക്കുകയും ചെയ്‌തു. സംശയം തോന്നി വാഹനം കൂടുതല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌. മഹാരാഷ്‌ട്ര രജിസ്‌ട്രേഷനുള്ള ആഢംബര കാറില്‍ അഭിഭാഷകരുടെ സ്‌റ്റിക്കര്‍ പതിച്ചിരുന്നത്‌ പരിശോധന ഒഴിവാക്കാനാണെന്ന്‌ സംശയിക്കുന്നു.
പിടികൂടിയ കഞ്ചാവിന്‌ ഇരുപത്‌ ലക്ഷം രൂപയിലധികം വിലമതിക്കുമെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി കഞ്ചാവും പ്രതികളെയും ചിറ്റൂര്‍ റെയ്‌ഞ്ച്‌ ഓഫീസര്‍ക്ക്‌ കൈമാറി.

Post a Comment