ഫറൂഖാബാദ്: മാലേഗാവ് സ്ഫോടന കേസിലെ പുതിയ സാക്ഷിമൊഴിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാലേഗാവ് സ്ഫോടന കേസ് വഴിതിരിച്ചു വിട്ട കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ഭീകരവാദികളെ വെള്ള പൂശിയ കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ഈ പ്രവൃത്തി രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്. ഇതിന് കോൺഗ്രസ് നേതാക്കൾ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരവാദികളെ കോൺഗ്രസ് പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. യോഗി ആദിത്യനാഥ് പറഞ്ഞു.
അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് ഭീകരവാദികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുകയും ഹൈന്ദവ സംഘടനകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഇന്ന്, അധികാരം നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ജനോപകാരപ്രദമായ എല്ലാ പദ്ധതികളെയും അവർ എതിർക്കുന്നു.‘ ഫറൂഖാബാദിൽ 196 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ട് യോഗി പറഞ്ഞു.
മാലേഗാവ് സ്ഫോടനക്കേസിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രമുഖ ആർ എസ് എസ് നേതാക്കളുടെയും പേര് പറയാൻ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന തന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും അനധികൃതമായി തടങ്കലിൽ വെക്കുകയും ചെയ്തതായി കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കഴിഞ്ഞ ദിവസം പ്രത്യേക എൻ ഐ എ കോടതിയിൽ മൊഴി നൽകിയിരുന്നു. സംഭവം നടക്കുന്ന സമയത്ത് ബിജെപി എം പിയായിരുന്നു യോഗി ആദിത്യനാഥ്.
മഹാരാഷ്ട്രയിലെ നാസിക്കിലെ മാലേഗാവിൽ 2006 സെപ്റ്റംബർ 8നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പര. അന്ന് കോൺഗ്രസ്- എൻസിപി സഖ്യമായിരുന്നു മഹാരാഷ്ട്ര ഭരിച്ചിരുന്നത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ പ്രാഥമിക അന്വേഷണം എത്തിയത് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയിലേക്കായിരുന്നു. എന്നാൽ കേസിൽ കേന്ദ്ര സർക്കാർ ഏജൻസികൾ അന്ന് അഭിനവ ഭാരത് എന്ന സംഘടനയെ പ്രതിക്കൂട്ടിലാക്കി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് സാധ്വി പ്രജ്ഞാ ഠാക്കൂർ, ലെഫ്റ്റ്നന്റ് കേണൽ പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്യുകയും അന്നത്തെ യുപിഎ സർക്കാർ ഹിന്ദു ഭീകരത, കാവി ഭീകരത തുടങ്ങിയ വാക്കുകൾ യഥേഷ്ടം എടുത്ത് പ്രയോഗിക്കുകയും ചെയ്തു.
Post a Comment