കുറ്റിച്ചല്‍: കുറ്റിച്ചലില്‍ അനക്കോണ്ടയെ കണ്ടവര്‍ ആദ്യം ഒന്നമ്ബരന്നു. റബര്‍ തോട്ടത്തിനരികെ നീണ്ട് നിവര്‍ന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഭീമന്‍ പാമ്ബിനെ പെട്ടെന്ന് കണ്ടാല്‍ ആരാണ് പേടിക്കാത്തത്‌.മണ്ണില്‍ തീര്‍ത്ത അനക്കോണ്ടയാണ് നാട്ടുകാരില്‍ കൗതുകമുണര്‍ത്തുന്നത്. മണ്ണ് വെട്ടി കൂട്ടിക്കുഴച്ച്‌ നാല് ദിവസം കൊണ്ടാണ് കോട്ടൂര്‍ പാണംകുഴി സ്വദേശിയും രാജാരവി വര്‍മ്മ കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ബിരുദം നേടിയ ആകാശ് ജിജി (23) അനക്കോണ്ടയെ നിര്‍മ്മിച്ചത്.

കുറ്റിച്ചല്‍ പരുത്തിപ്പള്ളി പാണംകുഴി ആകാശ് ഭവനില്‍ കൂലിപ്പണിക്കാരനായ ഗിരീഷ് കുമാറിന്റേയും തിരുവനന്തപുരം കോപ്പറേഷനിലെ അനാഥാലയത്തില്‍ ജോലിചെയ്യുന്ന ജയാപ്രഭയുടേയും മകനാണ് ആകാശ് ജിജി. ജി.ജെ. മൗഗ്ലി എന്ന യൂടൂബ് ചാനലില്‍ വ്യത്യസ്‍തമായ വീഡിയോകള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആകാശ് അനാക്കോണ്ടയെ നിര്‍മ്മിച്ചത്. ഇനി ഇതേ നിലയില്‍ നിറുത്തി ചില മാറ്റങ്ങള്‍ വരുത്തി മുതലയെ രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ആകാശ് നടത്തുന്നത്. എന്നാല്‍ ഇത് നിലനിറുത്തി മറ്റൊരു ഭാഗത്ത് മുതലയെ നിര്‍മ്മിക്കാനാണ് നാട്ടുകാര്‍ ആകാശിനോട് പറയുന്നത്.

പഠനം പൂര്‍ത്തിയാക്കണമെന്നതാണ് ഇപ്പോള്‍ ലക്ഷ്യം ഇതൊക്കെ അതിന്റെ ഭാഗമാണെന്നാണ് ആകാശ് പറയുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രോത്സാഹനമാണ് എപ്പോഴും തനിക്ക് പ്രചോദനമാകുന്നതെന്ന് ആകാശ് പറഞ്ഞു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ഉപരിപഠനം നടത്തുന്ന ആകാശ് ഇനിയും വ്യത്യസ്തമായ ശില്പങ്ങള്‍ ഒരുക്കുമെന്നും ഇതൊക്കെ തത്കാലം യൂട്യൂബ് ചാനലില്‍ കൂടെ ഏവര്‍ക്കും കാണാന്‍ അവസരമൊരുക്കുമെന്നും പറഞ്ഞു.

Post a Comment