തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടി അല്ലെന്നും എംഎല്‍എ. തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും കെ ബി ഗണേഷ്‌കുമാര്‍ എംഎൽഎ. നേരത്തെ കേരള കോണ്‍ഗ്രസ് ബി വിമതവിഭാഗം ഗണേഷ് കുമാറിനെ നീക്കി അദ്ദേഹത്തിന്റെ സഹോദരി ഉഷ മോഹന്‍ദാസിനെ പുതിയ അദ്ധ്യക്ഷയായി
തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

നിയമപരമായി കേരള കോണ്‍ഗ്രസ് ബി ഒരെണ്ണമേ ഉള്ളൂവെന്നും, പാര്‍ട്ടി ചെയര്‍മാനായി തന്നെ തിരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ‘അച്ഛന്‍ രാഷ്ട്രീയത്തിലുള്ളപ്പോള്‍ താന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. താന്‍ 23 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ തന്റേത് മാത്രമല്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുക്കുന്നതാണ്’. ഗണേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തില്‍ കെബി ഗണേഷ് കുമാറിനെ നീക്കി ഉഷ മോഹന്‍ദാസിനെ പുതിയ അദ്ധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതിലടക്കം പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കെ ബി ഗണേഷ് കുമാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നതടക്കം ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിമതർ ഉന്നയിച്ചത്. ഗണേഷ് കുമാര്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നതായും കഴിവുണ്ടെങ്കിലും വേണ്ട രീതിയില്‍ കടമകള്‍ നിര്‍വ്വഹിക്കുന്നില്ലെന്നും വിമതർ ആരോപിച്ചു.

Post a Comment