തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ വിവാദം പുകയുകയാണ്.നയനാരുടെ കാലത്ത് സ്ഥാപിച്ച ലോകായുക്തയെ തകര്‍ക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ ആ ആരോപണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. നയനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാല്‍ കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആര്‍എസ്‌പി നേതാവും മുന്മന്ത്രിയുമായ ഷിബു ബേബി ജോണ്‍.
iv>
നയനാരുടെ കാലത്തെ സിപിഎം അല്ല, ഇന്നത്തെ സിപിഎം എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതമെന്നാണ് ഷിബു ബേബിജോണ്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. നയനാരുടെ കാലത്ത് സിപിഎമ്മിനുള്ളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇടമുണ്ടായിരുന്നു. ഇന്ന് തീവ്ര വലതുപക്ഷത്തേക്കാള്‍ വലത്തേയ്ക്ക് ചാഞ്ഞ പാര്‍ട്ടിയായി അത് മാറിയിരിക്കുന്നു. അന്ന് മൂല്യങ്ങള്‍ക്ക് വില നല്‍കുന്നവര്‍ ആ പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. ഇന്ന് സത്യത്തെ ഭയക്കുന്നവരാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്. അന്ന് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയായിരുന്നു. ഇന്ന് വര്‍ഗീയതയെ എങ്ങനെ മുതലാക്കി വോട്ടാക്കാം എന്ന് കരുതുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും ഷിബു ആരോപിക്കുന്നു.

പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്ന സിപിഎമ്മിനുള്ളില്‍ അവരുടെ സുഖ-ദുഃഖങ്ങളില്‍ പങ്ക് ചേരാന്‍ മനസ്സുള്ള നേതാക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പാവപ്പെട്ടവര്‍ക്ക് അപ്പക്കഷ്ണം ഇട്ടുകൊടുത്ത് മേനി പറയുന്ന മുതലാളിത്ത മനോഭാവമുള്ള പാര്‍ട്ടിയായി അധ:പതിച്ചിരിക്കുന്നു. അന്ന് അഴിമതിക്കെതിരെ നിലകൊണ്ട പാര്‍ട്ടിയായിരുന്നു. ഇന്ന് അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കാന്‍ ലോകായുക്തയുടെയും വിജിലന്‍സിന്റെയും ചിറകരിയുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും ഷിബു പറയുന്നു.

ആര്‍എസ്‌പി ഇടതുമുന്നണിയിലേയ്ക്ക് വരണമെന്ന് പറയുന്നവര്‍ക്കും ഷിബു മറുപടി നല്‍കുന്നുണ്ട്. എന്റെ എല്ലാ പോസ്റ്റുകള്‍ക്കടിയിലും കുറേ സുഹൃത്തുക്കള്‍ വന്ന്, എന്റെ പിതാവ് ഇടതുമുന്നണിയുടെ നേതാവായിരുന്നില്ലേ എന്ന് ഞാനും ആര്‍എസ്‌പിയും എന്തോ അപരാധം ചെയ്ത മട്ടില്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. മറ്റു ചിലര്‍ ഇടതുമുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്യാറുമുണ്ട്. ശരിയാണ്, സ. ബേബി ജോണ്‍ കുറേക്കാലം ഇടത് മുന്നണി നേതാവായിരുന്നു. എന്നാല്‍ അന്ന് ഇന്നത്തെ ഇടതുമുന്നണി ആയിരുന്നില്ല എന്നാണ് ഇന്ന് കോടിയേരി ഓര്‍മിപ്പിച്ചത്. അന്ന് ഇടതുമുന്നണി എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം തന്നെയായിരുന്നു. എന്നാല്‍ ഇന്ന് രാജസദസ്സിനെ അനുസ്മരിപ്പിക്കും വിധം,സിപിഎമ്മിന്റെ മുന്‍പില്‍ പഞ്ചപുച്ഛമടക്കി ഒച്ചാനിച്ചു നില്‍ക്കുന്ന ഘടകകക്ഷികളുടെ കൂട്ടായ്മ മാത്രമായി എല്‍ഡിഎഫ് അധഃപതിച്ചിരിക്കുന്നുവെന്നും ഷിബു വിമര്‍ശിച്ചു.

ഞങ്ങളെടുത്ത നിലപാട് ശരിയായിരുന്നു. നായനാരുടെയും, ഇ ചന്ദ്രശേഖരന്‍ നായരുടെയും ബേബിജോണിന്റെയും കാലത്തെ ഇടതുപക്ഷ മുന്നണി എന്നേ മരിച്ചു. അത് തിരിച്ചുവരുന്ന കാലത്ത് ആലോചിക്കാമെന്നുമാണ് ഷിബു ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ഷിബു ബേബി ജോണിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

നയനാരുടെ കാലത്തെ ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യയെന്ന് കോടിയേരി...

നയനാരുടെ കാലത്തെ സിപിഎം അല്ല, ഇന്നത്തെ സിപിഎം എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം.

അന്ന് സിപിഎമ്മിനുള്ളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇടമുണ്ടായിരുന്നു. ഇന്ന് തീവ്ര വലതുപക്ഷത്തേക്കാള്‍ വലത്തേയ്ക്ക് ചാഞ്ഞ പാര്‍ട്ടിയായി അത് മാറിയിരിക്കുന്നു.

അന്ന് മൂല്യങ്ങള്‍ക്ക് വില നല്‍കുന്നവര്‍ ആ പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. ഇന്ന് സത്യത്തെ ഭയക്കുന്നവരാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്.

അന്ന് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയായിരുന്നു. ഇന്ന് വര്‍ഗീയതയെ എങ്ങനെ മുതലാക്കി വോട്ടാക്കാം എന്ന് കരുതുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു.

അന്ന് പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു. അവരുടെ സുഖ-ദുഃഖങ്ങളില്‍ പങ്ക് ചേരാന്‍ മനസ്സുള്ള നേതാക്കന്മാര്‍ ഉണ്ടായിരുന്നു. ഇന്ന് പാവപ്പെട്ടവര്‍ക്ക് അപ്പക്കഷ്ണം ഇട്ടുകൊടുത്ത് മേനി പറയുന്ന മുതലാളിത്ത മനോഭാവമുള്ള പാര്‍ട്ടിയായി അധ:പതിച്ചിരിക്കുന്നു.

അന്ന് അഴിമതിക്കെതിരെ നിലകൊണ്ട പാര്‍ട്ടിയായിരുന്നു. ഇന്ന് അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കാന്‍ ലോകായുക്തയുടെയും വിജിലന്‍സിന്റെയും ചിറകരിയുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു.

എന്റെ എല്ലാ പോസ്റ്റുകള്‍ക്കടിയിലും കുറേ സുഹൃത്തുക്കള്‍ വന്ന്, എന്റെ പിതാവ് ഇടതുമുന്നണിയുടെ നേതാവായിരുന്നില്ലേ എന്ന് ഞാനും ആര്‍എസ്‌പിയും എന്തോ അപരാധം ചെയ്ത മട്ടില്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്, മറ്റു ചിലര്‍ ഇടതുമുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്യാറുമുണ്ട്.

ശരിയാണ്, സ. ബേബി ജോണ്‍ കുറേക്കാലം ഇടത് മുന്നണി നേതാവായിരുന്നു.
എന്നാല്‍ അന്ന് ഇന്നത്തെ ഇടതുമുന്നണി ആയിരുന്നില്ല എന്നാണ് ഇന്ന് കോടിയേരി ഓര്‍മിപ്പിച്ചത്. അന്ന് ഇടതുമുന്നണി എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം തന്നെയായിരുന്നു. എന്നാല്‍ ഇന്ന് രാജസദസ്സിനെ അനുസ്മരിപ്പിക്കും വിധം,സിപിഎമ്മിന്റെ മുന്‍പില്‍ പഞ്ചപുച്ഛമടക്കി ഒച്ചാനിച്ചു നില്‍ക്കുന്ന ഘടകകഷികളുടെ കൂട്ടായ്മ മാത്രമായി എല്‍ഡിഎഫ് അധഃപതിച്ചിരിക്കുന്നു.

ഞങ്ങളെടുത്ത നിലപാട് ശരിയായിരുന്നു. നായനാരുടെയും, ഇ ചന്ദ്രശേഖരന്‍ നായരുടെയും ബേബിജോണിന്റെയും കാലത്തെ ഇടതുപക്ഷ മുന്നണി എന്നേ മരിച്ചു. അത് തിരിച്ചുവരുന്ന കാലത്ത് ആലോചിക്കാം.

Stories you may Like

Post a Comment