കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കും.ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുക്കുക. ഒരു പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവില്‍ പിടിയിലായ യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും കുട്ടികള്‍ യുവാക്കള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നും ആണ് കണ്ടെത്തിയത്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

വെള്ളിമാടുകുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേരാണ് ഇന്നലെ ഐലന്റ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയത്. തുടര്‍ന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലെത്തിച്ചു. ബംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവര്‍ക്കൊപ്പമുളള യുവാക്കളെയും ചേവായൂര്‍ പൊലീസ് പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട്ട് എത്തി.

ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment