തൃശൂര്‍: പിന്തുടരുന്നത് നിഴല്‍ പോലീസാണെന്നറിയാതെ തോക്ക് കാണിച്ച്‌ പേടിപ്പിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍.നമ്ബര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ സംഘം സഞ്ചരിക്കുന്നത് കണ്ട് മഫ്തിയിലായിരുന്ന പോലീസുകാര്‍ പിന്തുടര്‍ന്നപ്പോഴായിരുന്നു സംഭവം. പിന്തുടര്‍ന്നവര്‍ പോലീസാണെന്നറിയാതെ ഗുണ്ടാസംഘം തോക്ക് കാണിച്ച്‌ പേടിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്തതോടെ പേടിപ്പിക്കാന്‍ ഉപയോഗിച്ചത് കളിത്തോക്ക് മാത്രമായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

പൂമല സ്വദേശികളായ തെക്കുംകര തെറ്റാലിക്കല്‍ ജസ്റ്റിന്‍ (21), വട്ടോളിക്കല്‍ സനല്‍ (19), അപ്പത്തറയില്‍ സുമോദ് (19), കല്ലംപാറ മണലിപ്പറമ്ബില്‍ ഷിബു (29) എന്നിവരെയാണ് നിഴല്‍ പോലീസ് സംഘം കുടുക്കിയത്. നമ്ബര്‍പ്ലേറ്റില്ലാത്ത ബൈക്കുകളിലായായിരുന്നു പ്രതികളുടെ സഞ്ചാരം. കളിത്തോക്ക് കൂടാതെ, നാല് കുരുമുളകു സ്‌പ്രേ കുപ്പികളും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു. വടക്കാഞ്ചേരി, വിയ്യൂര്‍, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് ഈസ്റ്റ് എസ്‌എച്ച്‌ഒ പി. ലാല്‍കുമാര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ദിവാന്‍ജിമൂലയില്‍ ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം. നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കാത്ത രണ്ട് ബൈക്കുകളില്‍ സംഘം അപകടകരമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് നിഴല്‍ പോലീസ് പിന്തുടര്‍ന്നത്. ആരോ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ഗുണ്ടാസംഘത്തില്‍ ഒരാള്‍ മടിക്കുത്തില്‍ നിന്ന് തോക്ക് പുറത്തെടുത്തു. നിഴല്‍ പോലീസുകാര്‍ക്ക് കാണിക്കാന്‍ ഷര്‍ട്ടിന്റെ പിന്‍ഭാഗം ഉയര്‍ത്തി തോക്ക് തിരുകി വച്ചു. ഇത് ചെയ്യുമ്ബോഴും പിന്തുടരുന്നത് പോലീസാണെന്ന് ഗുണ്ടാസംഘം തിരിച്ചറിഞ്ഞിരുന്നില്ല.

തോക്ക് കണ്ടതോടെ നിഴല്‍ പോലീസ് സംഘം ഈസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ദിവാന്‍ജിമൂലയിലെ ബാറിലേക്ക് ഗുണ്ടാസംഘം കയറിയതോടെ ബാര്‍ വളഞ്ഞ് പ്രതികളെ പോലീസ് പിടികൂടി. അഞ്ച് പേരാണ് ഗുണ്ടാസംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംഘം കവര്‍ച്ചയ്‌ക്കുള്ള തയാറെടുപ്പിലായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post a Comment