യുഎസില്‍നിന്ന് ഇന്ത്യ 30 സായുധ പ്രിഡേറ്റര്‍ ഡ്രോണുകള്‍ (ആളില്ലാ പറക്കും വിമാനം) വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 3 ബില്യന്‍ ഡോളറിന്റെ ഇടപാടാണിതെന്നു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ യാഥാര്‍ഥ്യമായാല്‍, പ്രിഡേറ്റര്‍ ഡ്രോണ്‍ സ്വന്തമാകുന്ന, നാറ്റോ സഖ്യത്തില്‍ അംഗമല്ലാത്ത ആദ്യ രാജ്യമാകും ഇന്ത്യ. അങ്ങനെ ഇന്ത്യയെ കൂടെ ചേര്‍ത്ത് നിര്‍ത്തി ആയുധ വ്യാപാരത്തിലൂടെ കോടികളുണ്ടാക്കാനാണ് അമേരിക്കന്‍ തീരുമാനം.
2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുപ്രധാന പ്രതിരോധ ഇടപാടുകള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണു പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ശക്തമായത്. കര, നാവിക, വ്യോമ സേനകള്‍ക്ക് 10 വീതം ഡ്രോണുകള്‍ ലഭ്യമാക്കാനാണ് ഇന്ത്യയുടെ നീക്കം.
യുഎസിന്റെ 'മുഖ്യ പ്രതിരോധ പങ്കാളി' എന്ന പദവി ഉപയോഗപ്പെടുത്തി വേഗത്തില്‍ ഡ്രോണുകള്‍ എത്തിക്കാനാണ് ഇരുസര്‍ക്കാരുകളും ശ്രമിക്കുന്നതെന്നു വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് യുക്രെയിനിലെ ഇന്ത്യന്‍ നിലപാടൊന്നും അമേരിക്കന്‍ അതൃപ്തിക്ക് കാരണമായിട്ടില്ല. അതിന് പിന്നിലെ രാഷ്ട്രീയം ഇന്ത്യയുമായുള്ള ബന്ധത്തില്‍ അമേരിക്ക ചര്‍ച്ചയാക്കില്ല.
'എംക്യു 9ബി സീ ഗാര്‍ഡിയന്‍' വിഭാഗത്തിലുള്ള പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനാണു പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഡ്രോണുകളുടെ വരവ് ഇന്ത്യന്‍ സേനയ്ക്കു കരുത്തു പകരും. യുക്രെയിന്‍ യുദ്ധം പുതിയ പല ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് അമേരിക്കയില്‍ നിന്നും ഡ്രോണുകളെത്തുന്നത്.
ഡ്രോണുകള്‍ കൈവശമെത്തുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലെ ഇന്ത്യയുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാകും. ഇന്ത്യന്‍ മഹാസമുദ്രത്തെ ഉന്നമിട്ടിരിക്കുന്ന ചൈനയ്ക്ക് ഇത് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മഹാസമുദ്രത്തിലെ ചൈനയുടെ സൈനിക നീക്കങ്ങള്‍ക്ക് തടയിടാനാണ് ഇന്ത്യയുടെ ശ്രമവും. ഇതിന് പുറമേ ഇന്ത്യയും അമേരിക്കയിലും തമ്മില്‍ പ്രതിരോധ വ്യാപാര കരാറില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൈനീസ് അധികാരികളുടെ കണക്കുകൂട്ടല്‍.
വിവിധോദ്ദേശ്യ വിമാനങ്ങളാണ് ഇന്ത്യ അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങാന്‍ പോകുന്ന ഡ്രോണുകള്‍. 50000 അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളതാണ് ഇവ. നിരീക്ഷണത്തിന് പുറമേ ശത്രു സങ്കേതങ്ങളെ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ഇവ സഹായകരമാണ്. നിലവില്‍ അമേരിക്കയ്ക്ക് പുറമേ, ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് വ്യോമസേനകള്‍ക്കാണ് ഈ ആയുധം ഉള്ളത്. ഏറ്റവും പുതിയ മാറ്റങ്ങള്‍ക്ക് ശേഷം ഡ്രോണുകള്‍ക്ക് 42 മണിക്കൂര്‍ തുടര്‍ച്ചയായി ആകാശത്ത് നിലയുറപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കര സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം നടത്താന്‍ ഈ ഡ്രോണുകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ആറ് വര്‍ഷത്തിനിടയില്‍ ഡ്രോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് നടന്നിട്ടുള്ളത്. നാറ്റോ ഇതര കക്ഷിക്ക് ഡ്രോണ്‍ നല്‍കാന്‍ യുഎസ് ആദ്യമായാണ് തയ്യാറാകുന്നത്. ഈ ഡ്രോണുകള്‍ക്ക് ദീര്‍ഘദൂര എയര്‍ സ്‌ട്രൈക്ക് നടത്താനുള്ള ശേഷിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Stories you may Like
Post a Comment