സ്തനാര്‍ബുദം ഉള്‍പെടെ വ്യത്യസ്ത കാന്‍സറുകളെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെക്കുകയാണിവിടെ. ഡോ. സഞ്ജു സിറിയക്കിന്റേതാണ് കുറിപ്പ്.കേരളത്തിലെ ഏഴ് കാന്‍സര്‍ രോകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. മാറിടത്തിലെ തടിപ്പ്, തൊലിപ്പുറത്ത് വരുന്ന വ്യതിയാനങ്ങള്‍, സ്രവം തുടങ്ങി ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഡോക്ടര്‍ മുന്നറിയിപ്പു നല്‍കുന്നു. ഡോക്ടറുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

സ്ത്രീകളിലെ കാന്‍സര്‍
ഭര്‍ത്താവിനെയും കൂട്ടിയാണ് സുമ ടീച്ചര്‍ എന്നെ കാണാന്‍ വന്നത്.
ക്ഷീണിച്ച്‌ അവശയായിരുന്നു അവര്‍. നടു വേദന മൂലം ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. മാറിടത്തില്‍ തടിപ്പ് ആദ്യമായി ശ്രദ്ധിച്ചത് രണ്ടു വര്‍ഷം മുന്‍പ് ആയിരുന്നു. അപ്പോഴേ തനിക്ക് സ്തനാര്‍ബുദമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. എങ്കിലും സ്വന്തം ഭര്‍ത്താവില്‍ നിന്നു പോലും അവര്‍ അത് മറച്ചു വച്ചു. മാറിടം പൊട്ടാന്‍ തുടങ്ങിയപ്പോള്‍ പൗഡര്‍ പൂശി ദുര്‍ഗന്ധം മാറ്റാന്‍ ശ്രമിച്ചു. അവസാനം ഭര്‍ത്താവിന് സംശയം തോന്നി പരിശോധനയ്ക്ക് നിര്‍ബന്ധിച്ചു. അങ്ങനെ ടീച്ചര്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. അപ്പോഴേയ്ക്ക് രോഗം ശരീരത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു കഴിഞ്ഞിരുന്നു.

ഓരോ തവണ ചികിത്സയ്ക്കായി അവര്‍ വരുമ്ബോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട് 'എന്തു കൊണ്ട് ടീച്ചര്‍ ആയിരുന്നിട്ടു കൂടി രോഗവിവരം സ്വന്തം ഭര്‍ത്താവില്‍ നിന്നു പോലും മറച്ചു വച്ചു ?'

മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇപ്പോഴും ഇതേ കഥ ആവര്‍ത്തിക്കപ്പെടുന്നു. കാന്‍സര്‍ അവബോധത്തില്‍ നാം ബഹുദൂരം മുന്നോട്ട് പോയി എങ്കിലും ചിലര്‍ എങ്കിലും ഇന്നും പിന്നില്‍ തന്നെയാണ്. രോഗം യഥാസമയം കണ്ടെത്താന്‍ കഴിയാത്തതാണ് കാന്‍സര്‍ മാരകമാകാനുള്ള ഒരു കാരണം. കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന അഞ്ച് കാന്‍സറുകള്‍ താഴെ പറയുന്നു.

1 സ്തനാര്‍ബുദം

2 ഗര്‍ഭാശയമുഖ കാന്‍സര്‍

3 വായിലെ കാന്‍സര്‍

4 അണ്ഡാശയ കാന്‍സര്‍

5 ഗര്‍ഭാശയ കാന്‍സര്‍

കേരളത്തിലെ കാന്‍സര്‍ രോഗികളില്‍ (സ്ത്രീ പുരുഷ ഭേദമന്യേ) ഏഴിലൊരാള്‍ സ്തനാര്‍ബുദ രോഗിയാണ്. സ്ത്രീ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ആണ് സ്തനാര്‍ബുദം ഉണ്ടാവുന്നത്തിന്റെ പ്രധാന കാരണം. ആര്‍ത്തവാരംഭം നേരത്തെ ആകുന്നതും ആര്‍ത്തവ വിരാമത്തിന് കാലതാമസം ഉണ്ടാകുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കുട്ടികള്‍ ഉണ്ടാവാത്തതും ആദ്യ കുട്ടി 30 വയസ്സിന് ശേഷമാവുന്നതും മുലയൂട്ടല്‍ കുറയുന്നതും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാരമ്ബര്യം അഞ്ച് ശതമാനം രോഗികളിലേ സ്തനാര്ബുദത്തിന് കാരണമാവുന്നുള്ളൂ എന്നും ഓര്‍ക്കുക. ജീവിത ശൈലിയിലും ആഹാര ക്രമത്തിലും വന്ന മാറ്റങ്ങള്‍ കാര്യങ്ങള്‍ കുറേ കൂടി സങ്കീര്‍ണ്ണമാക്കി.

മാറിടത്തിലെ മുഴ, മുലഞെട്ട് ഉള്‍വലിയുക, രക്തം കലര്‍ന്ന സ്രവം വരിക, തൊലിപ്പുറം ഓറഞ്ചിന്റെ തൊലി പോലെ ചുക്കി ചുളിയുക, ഇവ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കുക. നിസാരമായി കരുതരുത്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ കാന്‍സര്‍ സാന്നിധ്യം കണ്ടെത്തുന്നതിന് സ്‌ക്രീനിങ്ങ് ടെസ്റ്റ് ആയി മാമോഗ്രാം നടത്താവുന്നതാണ്. 50 വയസ്സു മുതല്‍ ഒന്നോ രണ്ടോ വര്‍ഷത്തില്‍ ആവര്‍ത്തിച്ചു ചെയ്യേണ്ട ടെസ്റ്റ് ആണ് മാമോഗ്രാം.

ഗര്‍ഭാശയമുഖ കാന്‍സര്‍ ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ കുറഞ്ഞു വരുന്നു. ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലം ആണ് ഈ രോഗം ഉണ്ടാവുന്നത്. പങ്കാളിയില്‍ ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ഈ രോഗം വരാം. രക്ത സ്രാവം, പ്രത്യേകിച്ച്‌ ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാവുന്ന രക്ത സ്രാവം, വെള്ളപോക്ക് ഇവയെല്ലാം ആണ് രോഗലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്നതും എളുപ്പത്തില്‍ ഭേദപ്പെടുത്താവുന്ന ഒന്നുമാണ് ഗര്‍ഭാശയമുഖ കാന്‍സര്‍.

പാപ് സ്മിയര്‍ ടെസ്റ്റ് ആണ് സ്‌ക്രീനിങ് പരിശോധന. ഇരുപത്തിയൊന്ന് വയസ്സിന് ശേഷം സ്ത്രീകള്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ചെയ്യേണ്ട ഒന്നാണ് ഈ പരിശോധന. എന്തു കൊണ്ടോ നമ്മുടെ നാട്ടില്‍ പൊതുവെ സ്വീകാര്യത കുറവാണ് ഈ ടെസ്റ്റിന്.

വായിലെ കാന്‍സര്‍ പ്രധാനമായും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്. ഉണങ്ങാത്ത വൃണങ്ങള്‍ കാണപ്പെടുന്നതാണ് രോഗലക്ഷണം. എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുകയും ഭേദപ്പെടുത്താന്‍ സാധിക്കുന്നതുമായ രോഗമാണ് വായിലെ കാന്‍സര്‍. പുകയില ഉപയോഗം കുറയുന്നതനുസരിച്ചു ഈ രോഗത്തിന്റെ തോത് കുറയുമെന്ന് പ്രതീക്ഷിക്കാം.

വയറു വല്ലാതെ വീര്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് മിനി ഡോക്ടറെ കാണുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ് നടത്തിയപ്പോള്‍ അണ്ഡാശയത്തില്‍ 10 സെന്റീമീറ്ററോളം വലിപ്പമുള്ള ഒരു മുഴയും വയറിനുള്ളില്‍ വെള്ളം കെട്ടുന്നതായും കണ്ടു. വിശദ പരിശോധനയില്‍ അണ്ഡാശയ കാന്‍സര്‍ ആണെന്നും മൂന്നാം സ്റ്റേജില്‍ ആണ് രോഗമെന്നും കണ്ടെത്തി.

പ്രാരംഭ ദിശയില്‍ അണ്ഡാശയ കാന്‍സര്‍ പലരിലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്. രോഗം മൂര്‍ച്ഛിച്ച്‌ വയറുവീര്‍ക്കുകയോ, വിശപ്പിലായ്മ തോന്നുകയോ അല്ലെങ്കില്‍ വയറു വേദനിക്കുമ്ബോഴോ ആണ് രോഗമുണ്ടെന്ന് പലരും തിരിച്ചറിയുന്നത്. രോഗനിര്‍ണയത്തിന് സ്‌കാനിങ്ങ്, രക്ത പരിശോധന (ഇഅ 125), ചില സമയത്ത് ബയോപ്‌സി, ഇത് മൂന്നും പ്രധാനമാണ്.

രോഗം ഏത് അവസ്ഥയിലും ആയിക്കൊള്ളട്ടെ, കൃത്യമായ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ വരാന്‍ സാധിക്കും എന്ന് ഓര്‍ക്കുക.

ഗര്‍ഭാശയ കാന്‍സറും സ്ത്രീകളെ ഏറ്റവും അധികമായി ബാധിക്കുന്ന കാന്‍സറിന്റെ ലിസ്റ്റില്‍ പെടുന്നു. അമിതവണ്ണമുള്ളവര്‍ക്കും, ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പൊതുവെ പ്രായമായവരില്‍ ( മാസമുറ നിന്നതിനു ശേഷം) ആണ് ഈ രോഗം കാണപ്പെടുന്നത്. മാസമുറ നിന്നതിനു ശേഷം രക്തസ്രാവം ഉണ്ടാകുന്നതാണ് ഏറ്റവും സാധാരണയായി കാണുന്ന രോഗലക്ഷണം. ഈ രോഗം പൊതുവെ ആരംഭ ദിശയില്‍ തന്നെ കണ്ടെത്താവുന്ന ഒന്നാണ്. കാരണം, മേല്‍ പറഞ്ഞ രോഗലക്ഷണം പൊതുവെ സ്ത്രീകള്‍ അവഗണിക്കാറില്ല, അവഗണിക്കാന്‍ പാടില്ല.

പൊതുവെ ചികിത്സിച്ച്‌ പൂര്‍ണ്ണമായി ഭേദപ്പെടുത്താവുന്ന ഒരു രോഗമാണ് ഗര്‍ഭാശയ കാന്‍സര്‍. ഒന്നാം സ്റ്റേജില്‍ രോഗം കണ്ടെത്തുന്ന തൊണ്ണൂറു ശതമാനം രോഗികളും പൂര്‍ണ്ണമായി രോഗം ഭേദപ്പെടുന്നവര്‍ ആണ്. അവരില്‍ പലര്‍ക്കും സര്‍ജറിക്ക് ശേഷം മറ്റ് ചികിത്സ ഒന്നും വേണ്ടി വരാറില്ല. സ്ത്രീകള്‍ മേല്‍പറഞ്ഞ രോഗങ്ങളെ പറ്റി അറിഞ്ഞിരിക്കണം. അറിവാണ് ഏറ്റവും വലിയ ആയുധം.

Post a Comment